ആനാട് ശശിയുടെ ആത്മഹത്യ : വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നു കുടുംബം
1592286
Wednesday, September 17, 2025 6:45 AM IST
നെടുമങ്ങാട്: മുതിർന്ന മാധ്യമ പ്രവർത്തകൻ ആനാട് ശശി ആത്മഹത്യ ചെയ്തതിന് കാരണം കാൻസർ ബാധിച്ചതാണെന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും സഹകരണ സ്ഥാപനത്തിൽനിന്നും തങ്ങൾക്കു ലഭിക്കാനുള്ള തുക തിരികെ ലഭിക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി സർക്കാർ തലത്തിൽ നടപടി ഉണ്ടാവണമെന്നും ആനാട് ശശിയുടെ ഭാര്യ ഡോ. ലത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുണ്ടേല രാജീവ് ഗാന്ധി സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചിരുന്ന ശശി ബാങ്ക് പ്രസിഡന്റ് മോഹനൻ നായർ ആത്മഹത്യ ചെയ്തശേഷം കടുത്തമാനസിക സമ്മർദത്തിലായിരുന്നു.
സമ്മർദം വർധിച്ചു ത്വക് രോഗം ബാധിച്ച അദ്ദേഹം ശരീരത്തിൽ ഉണ്ടായ അസഹനീയമായ ചൊറിച്ചിൽ കാരണം ചികിത്സയിൽ ആയിരുന്നു. ഇതിനിടെ ആനാട് ശശിക്ക് അർബുദം ആണെന്നു നുണ പ്രചാരണവും ഉണ്ടായി. ഇതു തീർത്തും തെറ്റായ പ്രചാരണമാണെന്നും ലത വ്യക്തമാക്കി.
ഇതിനിടെ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ടു രാഷ്ട്രീയ വിവാദങ്ങളും നുണ പ്രചാരണങ്ങളും ഉണ്ടായി. തനിക്കും പ്ലസ് ഒൺ വിദ്യാർഥിയായ മകൾക്കും മനോവിഷമം വർധിപ്പിക്കുന്ന വിവാദങ്ങൾ അവസാനിപ്പിച്ചു തങ്ങൾക്കു ലഭിക്കേണ്ട നിക്ഷേപ തുക ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും ഡോ. ലത ആവശ്യപ്പെട്ടു.