സാംസ്കാരികനിലയം ഉദ്ഘാടനം ചെയ്തു
1592290
Wednesday, September 17, 2025 6:51 AM IST
വെള്ളറട: സാംസ്കാരിക നിലയങ്ങള്‍ ചര്‍ച്ചകളുടെയും സമ്മേളനങ്ങളുടെയും വേദിയാകണമെന്നും സാംസ്കാരിക കേന്ദ്രങ്ങള്‍ കേരളത്തെയും ലോകത്തെയും ബാധിക്കുന്ന ഏത് വിഷയത്തെപ്പറ്റിയും ചര്‍ച്ച ചെയ്യുന്ന ഇടങ്ങളാകണമെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കുന്നത്തുകാല്‍ പഞ്ചായത്തില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച നിലമാമൂട് സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ നിര്‍വഹിച്ചു. ഗുണനിലവാരത്തില്‍ ദേശീയ അംഗീകാരം നേടിയെടുത്ത കോരണംകോട് സബ് സെന്റര്‍, കുന്നത്തുകാല്‍ കുടുംബ ആരോഗ്യ കേന്ദ്രം, കുന്നത്തുകാല്‍ ആയുര്‍വേദ ആശുപത്രി എന്നിവയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയ കുന്നത്തുകാല്‍ കുടുംബശ്രീ സിഡിഎസിലെ അംഗങ്ങളെയും കുന്നത്തുകാല്‍ പഞ്ചായത്തിനെ ശുചിത്വ ഗ്രാമമാക്കുന്നതിന് പ്രയത്നിച്ച ഹരിത കര്‍മസേന അംഗങ്ങളെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ആദരിച്ചു.
സി. കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. അമ്പിളി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ് ബിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാര്‍, പെരുങ്കടവിള ബ്ലോക്ക് മെമ്പര്‍ ടി. വിനോദ്, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.