മണിയൻ സ്വാമിയുടെ മരണം : കാർ ഓടിച്ചിരുന്ന വില്ലേജ് ഓഫീസർ കീഴടങ്ങി
1592284
Wednesday, September 17, 2025 6:45 AM IST
വിതുര: കാർ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു വിതുര സ്വദേശിയായ മണിയൻ സ്വാമി (85) മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന ആര്യനാട് വില്ലേജ് ഓഫീസർ തൊളിക്കോട് പനയ്ക്കോട് ചെറുവക്കോണം സ്വദേശി എസ്. പ്രമോദ് വിതുര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. സംഭവത്തിൽ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു. ഇദ്ദേഹം ഓടിച്ചിരുന്ന കാർ വിതുര പോലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ മൂന്നു ദിവസം മുൻപ് കണ്ടെത്തി. ഇതിനിടെ കാർ ഉടമയായ വില്ലേജ് ഓഫീസർ ഒളിവിൽപ്പോയി.
അന്വേഷണം പുരോഗമിക്കവെയാണ് ഇദ്ദേഹം കീഴടങ്ങിയത്. വിതുരയിൽ സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാതിരുന്നതിനാൽ പൂവാട്ട് പള്ളിക്കു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മണിയൻ സ്വാമിയെ ആണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ പ്രമോദ് ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. തുടർന്നു വാഹനം നിർത്താതെ പോവുകയായിരുന്നു.