നവരാത്രി ആഘോഷം; കളക്ടറേറ്റില്‍ അവലോകന യോഗം ചേർന്നു
1592282
Wednesday, September 17, 2025 6:45 AM IST
പേരൂര്‍ക്കട: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. തമിഴ്നാട്ടില്‍ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം വിളിച്ചു ചേര്‍ത്തത്.
ശുചീന്ദ്രത്തുനിന്ന് 19നു രാവിലെ ആരംഭിച്ച് 22ന് വൈകുന്നേരം കോട്ടയ്ക്കകത്ത് എത്തിച്ചേരുന്ന ഘോഷയാത്ര തടസങ്ങളില്ലാതെ നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിർദേശം നല്കി. 19 മുതല്‍ വനിതാ ബറ്റാലിയന് ഉള്‍പ്പെടെയുള്ള 130 പോലീസ് ഉദ്യോഗസ്ഥരെ ഘോഷയാത്രയ്ക്ക് വിന്യസിക്കും.
എല്ലാ പ്രധാന ജംഗ്ഷനുകളിലും ട്രാഫിക് ക്രമീകരണം ഒരുക്കും. ഘോഷയാത്ര കടന്നുപോകുന്ന ഭാഗത്തെ റോഡുകളും വശങ്ങളിലെ തെരുവുവിളക്കുകളും അറ്റകുറ്റപ്പണി നടത്തുന്നതിനും വഴിയരികില്‍ അപകടകരമായ രീതിയില്‍ നില്ക്കുന്ന മരച്ചില്ലകള്‍ മുറിക്കുന്നതിനും സബ് കളക്ടര്‍ നിര്‍ദേശം നല്കി. പത്മനാഭസ്വാമിക്ഷേത്ര പരിസരങ്ങളില്‍ ശുചീകരണം ഉറപ്പാക്കണമെന്നും ഭക്തര്‍ക്ക് കുടിവെള്ളമൊരുക്കണമെന്നും നിര്‍ദേശമുണ്ട്.