അമീബിക് മസ്തിഷ്ക ജ്വരം : നിർദേശങ്ങൾ ഊർജിതമായി നടപ്പാക്കാൻ ആരോഗ്യവകുപ്പ്
1592666
Thursday, September 18, 2025 7:01 AM IST
വിഴിഞ്ഞം: അമീബിക് മസ്തിഷ്ക ജ്വരം ബാധയിൽ ജനങ്ങളുടെ പേടിയകറ്റാനായില്ലെങ്കിലും നിയന്ത്രിക്കാനുള്ള മാർഗ നിർദേശങ്ങൾ ഊർജ്ജിതമാക്കാൻ ഒരുങ്ങി ആരോഗ്യ വകുപ്പധികൃതർ.
ഇതിന്റെ ഭാഗമായി കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതോടൊപ്പം കുളങ്ങൾക്കും കെട്ടിക്കിടക്കുന്ന ജലാശയങ്ങൾക്കു മുന്നിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ജലാശയങ്ങളുടെ ലിസ്റ്റ് തയാറാക്കിയ ശേഷം പഞ്ചായത്ത് - ആരോഗ്യ വകുപ്പ് അധികൃതർ സംയുക്തമായി ബോർഡുകൾ സ്ഥാപിക്കുമെന്നും അറിയുന്നു. രോഗം കണ്ടെത്തിയ സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഇതിനകം തന്നെ ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി കഴിഞ്ഞതായി ബന്ധപ്പെട്ടവർ പറയുന്നു.
ഭയം വേണ്ട... ജാഗ്രത മതിയെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ പേടി വർധിച്ചതായാണ് വിലയിരുത്തൽ. കുളങ്ങളിലും ജലാശയങ്ങളിലും തലയും മൂക്കും മുങ്ങാൻ പാകത്തിൽ നീന്തുകയോ കുളിക്കുക ചെയ്യരുതെന്നും മുഖം പോലും കഴുകരുതെന്ന മുന്നറിയിപ്പും വന്നതോടെ ജനങ്ങൾ ജലാശയങ്ങളെ പൂർണമായി കൈയൊഴിഞ്ഞ മട്ടായി.
പൈപ്പ് വെള്ളം പോലും കൃത്യമായി കിട്ടാത്ത ഗ്രാമപ്രദേശങ്ങളിലെ നല്ലൊരു ശതമാനം ആളുകളുടെയും ആശ്രയമായിരുന്നു കുളങ്ങൾ. വേനൽക്കാലങ്ങളിൽ നാട്ടുകാർ കുളിക്കാനും തുണിയലക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ആശ്രയിച്ചിരുന്നത് കുളങ്ങളെ ആയിരുന്നു.
നിർജീവമായിക്കിടന്ന നിരവധി കുളങ്ങൾ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കാടുകൾ വെട്ടിത്തെളിച്ചും മണ്ണു കോരിമാറ്റിയും തെളിനീരുറവകളാക്കി അടുത്ത കാലത്ത് മാറ്റിയിരുന്നു. ഇവയെല്ലാം ജനങ്ങൾക്ക് ഉപകാരപ്രദമായി വരുന്നതിനിടയിലാണ് അമീബയുടെ പേരിലുള്ള മുന്നറിയിപ്പ്. കുളങ്ങളിൽ ക്ലോറിനേഷൻ ഫലപ്രദമല്ലെന്നു കണ്ട തോടെയാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനമായത്. എന്നാൽ പല പഞ്ചായത്തുകളിലും നിരവധി കുളങ്ങളിൽ മത്സ്യകൃഷി ഉൾപ്പെടെയു ള്ളവയും നടത്തുന്നുണ്ട്. മൂന്നു വർഷത്തേക്കു വരെ കുളങ്ങൾ പട്ടത്തിനു നൽകിയിട്ടുള്ളതിനാൽ ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനുമാകില്ല. ജാഗ്രതാനിർദേശം കടുത്ത വേനൽക്കാലത്ത് ജനങ്ങളെ ഏറെ ബാധിക്കുമെന്നും അധികൃതർ പറയുന്നു.
ശുചികരണം നടത്തി ശുദ്ധമെന്ന് ഉറപ്പുവരുത്തുന്നതുവരെ ജലാശയങ്ങളോടുള്ള ജനത്തിന്റെ പേടിക്കും മാറ്റമുണ്ടാകില്ല. ജലാശയങ്ങളെ ആശ്രയിച്ചാണു മിക്ക കുടിവെള്ളപദ്ധതികളും പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽനിന്നു ശേഖരിക്കുന്ന ജലം സൂപ്പർ ക്ലോറിനേഷൻവഴി ശുദ്ധീകരിച്ച ശേഷം വിതരണം നടത്താനാണ് അധികൃതരുടെ തീരുമാനം.
എന്നാൽ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഉറവിടം പൂർണമായി വ്യക്തമല്ലാത്തതും അധികൃതരെ കുഴയ് ക്കുന്നുണ്ട്. വേനൽക്കാലങ്ങളിൽ പൊഴി കയറുന്നതിനാൽ നെയ്യാറിലും ഒഴുക്ക് പൂർണമായി നിലക്കുക പതിവാണ്. നിലവിലെ സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന നെയ്യാർ ജലവും ജനങ്ങൾക്കു പേടിസ്വപ്നമാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.