ജീവിതോത്സവം ചലഞ്ച്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട വിജയികൾ
1602209
Thursday, October 23, 2025 6:43 AM IST
ആകാശമിഠായി ജീവിതോത്സവം കാർണിവൽ സമാപിച്ചു
തിരുവനന്തപുരം: കേരളത്തിലെ ഒന്നര ലക്ഷത്തോളം ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) നടപ്പാക്കിയ 'ജീവിതോത്സവം 2025' 21-ദിന ചലഞ്ചിന്റെ വിജയപ്രഖ്യാപനമായ ‘ആകാശമിഠായി കാർണിവൽ 2025’ വർണ്ണാഭമായ ചടങ്ങുകളോടെ കനകക്കുന്നിൽ സമാപിച്ചു. 21, 22 തീയതികളിൽ നടന്ന ഈ ജനകീയോത്സവത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 13,000 വിദ്യാർഥികൾ നേരിട്ട് പങ്കെടുത്തു. "ജീവിതോത്സവം 2025' ചലഞ്ചിലെ വിജയികളെ കാർണിവലിന്റെ സമാപന ചടങ്ങിൽ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം നേടിയത് തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട ജില്ലകൾ ചേർന്ന ദക്ഷിണമേഖല 2 ആണ്. എസ്സിവിഎച്ച്എസ്എസ് കോട്ടനാടിലെ അതുൽ ഷാജി, ജിഎച്ച്എസ്എസ് പൂവത്തൂരിലെ സാരംഗ്, എസ്എസ് ജിഎച്ച്എസ്എസ് അയ്യൻകോയിക്കലിലെ അക്സ മേരി സാംസൺ, സെന്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലത്തെ ടെസ്സി പീറ്റർ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.
രണ്ടാം സമ്മാനം (മധ്യമേഖല): സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് കരിങ്കുന്നത്തെ മെറിൻ ആൽഫോൺസ്, സെന്റ് ജോർജ് എച്ച്എസ്എസ് പുത്തേക്കരയിലെ എൻ.എ.അലീഷ മരിയ, കെഎച്ച്എസ്എസ് തോട്ടറയിലെ ജഗൻ നാഥൻ, എഎസ്എംഎച്ച്എസ്എസ് വെള്ളിയാഞ്ചേരിയിലെ സി.ജലീബ് അഹമ്മദ് എന്നിവർ രണ്ടാം സ്ഥാനം നേടി.
മൂന്നാം സമ്മാനം (ഉത്തരമേഖല 2): ജിഎച്ച്എസ്എസ് വെള്ളൂരിലെ വി.എം. തീർഥ സുജിത്, ബിഎആർഎച്ച്എസ്എസ് ബോവിക്കാനിലെ പി.കെ.ശ്രീഹരി, പിആർഎംഎച്ച്എസ്എസ് കൊളവല്ലൂരിലെ ദേവഹിത, ജിവിഎച്ച്എസ്എസ് മാനന്തവാടിയിലെ എം. സിദ്ധാർഥ് എന്നിവരാണ് മൂന്നാം സമ്മാനത്തിന് അർഹരായത്.
സമാപന സമ്മേളനത്തിൽ സംസാരിച്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു കുട്ടികൾ ലഹരിക്കെതിരെ ക്രിയാത്മക ഊർജ്ജത്തിന്റെ സന്ദേശവാഹകരാണെന്ന് പ്രഖ്യാപിച്ചു.
ഹയർ സെക്കൻഡറി ജോയിൻ്റ് ഡയറക്ടർ (അക്കാഡമിക്സ്) & എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ആയ ഡോ. എസ്.ഷാജിത, ഡോ. മാണിക്യ രാജ് ഹയർ സെക്കൻഡറി ജോയിൻ്റ് ഡയറക്ടർ (എക്സാമിനേഷൻസ്), റീജിയണൽ പ്രോഗ്രാം കോഡിനേറ്റർമാരായ ആർ.രാഹുൽ, എസ്.ശ്രീചിത്ത്, പി. ബി. ബിനു എന്നിവർ പങ്കെടുത്തു.