കുട്ടിപ്പോരാട്ടത്തിന് അണിഞ്ഞൊരുങ്ങി അനന്തപുരി
1601578
Tuesday, October 21, 2025 6:34 AM IST
തിരുവനന്തപുരം: ഒരാഴ്്ച്ചക്കാലം നീണ്ടു നില്ക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കുള്ള തയാറെടുപ്പുകൾ എല്ലാം തലസ്ഥാനത്ത് പൂർത്തിയായി.
ഇന്നു വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ സംസ്ഥാന സ്കൂൾ കായിക മാമാങ്കത്തിനു തുടക്കമാകും. ഇന്നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെയും മാസ്ഡ്രില്ലിന്റെയും റിഹേഴ്സൽ ഇന്നലെ പൂർത്തിയാക്കി മന്ത്രി വി. ശിവൻകുട്ടി നേരിട്ടെത്തി വിലയിരുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ജില്ലയിവെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ നേതൃത്വത്തിലാണ് വർണ ശബളമായ കലാപരിപാടികൾ ഉദ് ഘാടന ചടങ്ങിനോട് അനുബന്ധിച്ചു നടത്തുന്നത്. 3,000 ത്തോളം വിദ്യാർഥികൾ അണിനിരക്കുന്ന കലാപരിപാടികൾ കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നതാവും.
മേളയുടെ വിജയത്തിനായി 16 സബ്് കമ്മിറ്റികൾ
തിരുവനന്തപുരം: സ്കൂൾ കായികമേളയുടെ വിജയത്തിനായി 16 സബ് കമ്മിറ്റികളാണ്് പ്രവർത്തിക്കുന്നത്. റിസപ് ഷൻ കമ്മിറ്റി, ഫുഡ് കമ്മിറ്റി, മീഡിയ ആൻഡ് പബ്ലിസിറ്റി, ട്രാൻസ്പോർട്ട്, വെൽഫെയർ, ലോ ആൻഡ് ഓർഡർ, രജിസ്ട്രേഷൻ, അക്കോമഡേഷൻ, സ്റ്റേജ് ആൻഡ് പന്തൽ, ട്രോഫി എന്നി കമ്മിറ്റികളുണ്ട്. കൂടാതെ സുവനീർ, ഫിനാൻസ് ആൻഡ് സ്പോണ്സർഷിപ്പ്, മെഡിക്കൽ, ഗ്രീൻ പ്രോട്ടോക്കോൾ, ലൈറ്റ് ആൻഡ് സൗണ്ട്, സെറിമണി കമ്മിറ്റി എന്നിവയും മേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
പുത്തരിക്കണ്ടത്ത് ഭക്ഷണപ്പുര സജ്ജമായി
തിരുവനന്തപുരം: ഒരേ സമയം 2,500 പേർക്കു ഇരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള പ്രധാന ഭക്ഷണപ്പുരയാണ് പുത്തരിക്കണ്ടം മൈതാനത്ത് ക്രമീകരിച്ചിട്ടുള്ളത്. ഇന്നലെ വൈകുന്നേരം മന്ത്രി വി. ശിവൻകുട്ടി ഭക്ഷണപ്പുരയുടെ പാലുകാച്ചൽ ചടങ്ങ് നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ, കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ മേടയിൽ വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു.

പഴയിടം മോഹനൻ നന്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പുരയുടെ പ്രവർത്തനം. പ്രധാന ഭക്ഷണപ്പുര കൂടാതെ പാകം ചെയ്ത ഭക്ഷണം മറ്റ് നാലിടങ്ങളിൽ എത്തിച്ചുനൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കായിക നേട്ടങ്ങളെക്കുറിച്ചുള്ള സമഗ്ര എക്സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് ഭക്ഷണശാലയ്ക്കൊപ്പം ഒരുക്കിയിട്ടുണ്ട്. കായിക താരങ്ങളുടെ താമസത്തിനായി 74 സ്കൂളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസുകൾ വിവിധ സ്കൂളുകളിൽ നിന്നും സജ്ജമാക്കിയിട്ടുണ്ട്.
സ്വർണക്കപ്പ് ഘോഷയാത്ര ഗംഭീരമായി പൂർത്തിയാക്കി
തിരുവനന്തപുരം: കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ചാന്പ്യൻജില്ലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള സ്വർണക്കപ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തിയ ശേഷം തിരുവനന്തപുരത്ത് എത്തിച്ചു. ഈ മാസം 16ന് കാസർകോഡ് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ പര്യടനം 19ന് ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലൂടെയും സ്വർണക്കപ്പുമായുള്ള ഘോഷയാത്ര സഞ്ചരിച്ചു.
ഇന്നു രാവിലെ 10ന് പട്ടം ഗേൾസ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരുന്ന സ്വർണക്കപ്പ് ഘോഷയാത്ര അവിടെ നിന്നും ഉദ്ഘാടന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും. 19ന് എറണാകുളത്തുനിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗേൾസ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ട്രോഫി ഘോഷയാത്രയുമായി ചേരും.