മലയോര മേഖലയില്‍ മഴ ശക്തം: വ്യാപക നഷ്ടം; വീട്ടില്‍ വെള്ളം കയറി
1601575
Tuesday, October 21, 2025 6:34 AM IST
വെള്ളറട: വെള്ളറട അമ്പൂരി പഞ്ചായത്ത് പരിധിയില്‍ ശക്ത മായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ തുടങ്ങിയ മഴ രാവിലെ 8.30 മണി വരെ നീണ്ടു. പ്രദേശത്ത് വ്യാപകമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
അമ്പൂരി ഗ്രാമപഞ്ചായത്തിലെ തുടിയാംങ്കോണം വാര്‍ഡില്‍ ചപ്പാത്തിന്‍കര ശീമോന്റെ (44) വീട്ടിനുള്ളില്‍ വെള്ളം കയറി. പഞ്ചായത്ത് നല്കിയ വീടാണ് തകര്‍ച്ചയുടെ വക്കിലായത്. ചോര്‍ന്നൊലിക്കുന്ന ദ്രവിച്ച വീടിനുള്ളില്‍ വെള്ളം കയറിയതോടെ കിടന്നുറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലായി. രണ്ടുദിവ സം മുന്‍പും ഇവിടെ വെള്ളം കയറിയിരുന്നതിനാൽ ശീമോന് സമീപത്തെ വെയിറ്റിംഗ് ഷെഡി ലാണ് കിടന്നുറങ്ങി നേരം വെളുപ്പിച്ചത്. പ്രദേശത്തെ കൃഷിഭൂമികള്‍ മിക്കതും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്.
വെള്ളറട പഞ്ചായത്തിലും താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തില്‍ മുങ്ങി. കളത്തറ പാടശേഖരം വെള്ളത്തില്‍ മുങ്ങി. സമീപത്തെ മരിച്ചീനി, വാഴ കൃഷികള്‍ മിക്കതും നശിച്ചു. വ്യാപകമായ കൃഷിനാശമാണ് പ്രദേശത്ത് സംഭവിച്ചിട്ടുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ പ്രദേശത്ത് റബര്‍ ടാപ്പിംഗ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
പ്രദേശമാകെ കടുത്ത വറുതിയിലുമാണ്. മഴ ഇതേ രീതിക്ക് തുടര്‍ന്നാല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും എന്നുള്ള ആശങ്കയിലാണ് ജനങ്ങള്‍. അമ്പൂരി ആദിവാസി മേഖലയിലും കടുത്ത വറുതിയിലാണ്. തൊഴിലുകളൊന്നും നടക്കുന്നില്ല. കാട്ടു വര്‍ഗങ്ങള്‍ ശേഖരിച്ചു ഭക്ഷിക്കുന്ന ഇവര്‍ക്ക് കാട്ടുവിളകള്‍ ശേഖരിക്കാനും കഴിയുന്നില്ല. ആദിവാസി മേഘലയില്‍ നിന്നും വിഷകൂണ്‍ ശേഖരിച്ചു കഴിച്ച ആറുപേര്‍ ഇപ്പോഴും കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പറമ്പില്‍നിന്നും കിഴങ്ങ് വര്‍ഗങ്ങള്‍ ഒന്നും ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.