ആംബുലൻസ് കത്തിച്ചു; വീടുകൾക്കും വാഹനങ്ങൾക്കും നേരേ ആക്രമണം
1601579
Tuesday, October 21, 2025 6:34 AM IST
നെടുമങ്ങാട്: നെടുമങ്ങാട് സിപിഎം-എസ്ഡിപിഐ സംഘർഷം രൂക്ഷമായി. എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തപ്പോൾ ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു സ്ഥലത്തു പോലീസ് ക്യാമ്പു ചെയ്യുന്നുണ്ട്.
കഴിഞ്ഞദിവസം രാത്രി പത്തോടെ സിപിഎം മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതായിരുന്നു സംഘർഷത്തിനു തുടക്കം. അഴീക്കോട് ജംഗ്ഷനിൽവച്ചു ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ കമ്പിപ്പാര കൊണ്ടു മർദിക്കുകയായിരുന്നു.
ദീപു പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുതുടർച്ചയായി കായ്പ്പാടി - കുമ്മിപള്ളി പള്ളിമുക്ക് ജംഗ്ഷനിൽ എസ്.എൻ. മൻസിലിൽ നാദിർഷായുടെ വീടിന്റെ ജനൽ ചില്ലുകളും സമദിന്റെ വീടിനുമുന്നിനു പാർക്ക് ചെയ്തിരുന്ന എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ലുകളും മാരുതി ആൾട്ടോ കാറിന്റെ ചില്ലുകളും ചെടിച്ചട്ടികളും അടിച്ചു തകർത്തു.
ആക്രമണം നടത്തിയത് സിപിഎം പ്രവർത്തകർ ആണെന്ന് പറയുന്നു. രാത്രി ഒരു മണിയോടുകൂടി നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുൻവശത്ത് ആംബുലൻസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന നെടുമങ്ങാട് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ ആംബുലൻസ് കത്തിച്ചു.
എസ്ഡിപിഐക്കാരാണു പിന്നിലെന്നു സിപിഎം പോലീസിൽ പരാതി നൽകി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിനു എസ്ഡിപിഐ പ്രവർത്തകരായ നിസാം, റഫീഖ്, സമദ്, കണ്ടാല റിയാവുന്ന ഒരാൾ എന്നിവർക്കെതിരെ അരുവിക്കര പോലീസ് കേസെടുത്തു. ആംബുലൻസ് കത്തിച്ച സംഭവത്തിൽ നെടുമങ്ങാട് പോലീസ്സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് ഡിപിഐക്കാരുടെ വീടും ആംബുലൻസും ആക്രമിച്ചതിനു സിപിഎം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ഥലത്തു സംഘർഷ സാധ്യത നിലനിൽക്കുകയാണ്.