സ്വന്തമായി ഭൂമിയും ഫണ്ടും ഉണ്ടായിട്ടും ആദിവാസി സ്കൂൾ ഇപ്പോഴും വാടക കെട്ടിടത്തിൽ
1601576
Tuesday, October 21, 2025 6:34 AM IST
കോട്ടൂർ: സ്വന്തമായി ഭൂമിയും കെട്ടിട നിർമാണത്തിനായി ഫണ്ടും ഉള്ളപ്പോൾ ആദിവാസി സ്കൂൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ.
കുറ്റിച്ചലിൽ 14 വർഷം മുൻപ് അനുവദിച്ച ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. അരുവിക്കര നിയമസഭാ മണ്ഡലത്തിൽ പ്രവർത്തിക്കേണ്ട സ്കൂൾ പ്രവർത്തിക്കുന്നത് കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ മണലിയിൽ. 2011-ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച സ്കൂളാണ് ഇപ്പോഴും മണലിയിലെ പഴയൊരു സ്വകാര്യ സ്കൂൾ വാടകയ്ക്കെടുത്ത് പ്രവർത്തിക്കുന്നത്.
എന്നാൽ പുതിയ മന്ദിരം പണിയാനോ സ്കൂൾ ഇവിടെ എത്തിക്കാനോ തയാറാകാത്തിൽ പ്രതിഷേധിച്ചു സമരത്തിനൊരുങ്ങുകയാണ് ആദിവാസികൾ അടക്കമുള്ള നാട്ടുകാർ. 2011 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജി. കാർത്തികേയൻ എംഎൽഎ ആയിരിക്കെയാണ് പട്ടികവർഗ വിദ്യാർഥികൾക്കായി മോഡൽ റസിഡൻഷ്യൽ സ്കൂൾ കോട്ടൂർ കേന്ദ്രമാക്കി അനുവദിച്ചത്. ജി. കാർത്തികേയന്റെ മരണശേഷം സ്കൂളിന് അദ്ദേഹത്തിന്റെ പേരും നൽകി. സ്കൂളിനായി വനം വകുപ്പ് രണ്ടര ഏക്കർ ഭൂമിയും കൈമാറി. ഇവിടെ കെട്ടിടം പണിയാൻ 27.30 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിക്കുകയും ഭൂമിയിലെ 190 മരങ്ങൾ മുറിച്ചുനീക്കുകയും ചെയ്തിരുന്നു.
സ്കൂൾ വന്നാൽ അതിനോടനുബന്ധിച്ച് അധ്യാപകർക്ക് പ്രത്യേകിച്ച് താമസസ്ഥലം, വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ, ക്ലാസ് മുറി, കോൺഫറൻസ് ഹാൾ, പഠനമുറി, കളിസ്ഥലം, ആരോഗ്യകേന്ദ്രം തുടങ്ങിയവ ഉൾപ്പെടുത്തി ടൗൺ ഷിപ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വിധത്തിലാണ് റെസിഡൻഷ്യൽ സ്കൂൾ പദ്ധതി ചിട്ടപ്പെടുത്തിയത്. പദ്ധതി ആരംഭിച്ചുകഴിഞ്ഞാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും, വനം വകുപ്പിനെറയും, പട്ടികവർഗ വിഭാഗത്തിൻറയും സഹായ സഹകരണത്തോടെ കൂടുതൽ ഭൂമി ലഭ്യമാക്കി സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കഴിയുമെന്നു നാട്ടുകാർ ചൂണ്ടികാട്ടുന്നു.
എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോയപ്പോഴാണ് തടസവാദങ്ങളുമായി ഉദ്യോഗസ്ഥർ എത്തുന്നതും പദ്ധതി പാതി വഴിയിൽ നിലച്ചതും. ഇതിനിടയ്ക്കാണ് സ്കൂൾ ഇവിടെ നിന്നുംമാറ്റി ആറളത്തേക്ക് കൊണ്ടു പോകാൻ ശ്രമം നടന്നത്. പിന്നീട് യാതൊന്നും നടന്നുമില്ല.