ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, വയോജനപാര്‍ക്ക് ഉദ്ഘാടനം
1601566
Tuesday, October 21, 2025 6:34 AM IST
നെയ്യാറ്റിൻകര : പെരുമ്പഴുതൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച് കളത്തുവിള - അരുവിപ്പുറം റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെയും വയോജന പാർക്കിന്റെയും നിർമാണ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര നഗരസഭ തുടക്കം കുറിച്ചു.
12 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന വയോജന പാർക്കിൽ ഇരിപ്പിടങ്ങളും പൂന്തോട്ടവും മാനസിക ഉല്ലാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ അറിയിച്ചു. പെരുമ്പഴുതൂരിൽ നിലവിൽ നിർമാണ ഘട്ടത്തിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും വയോജന പാർക്കിന്റെയും ഉദ്ഘാടനം ഈ മാസം അവസാനം നടക്കും.
നിലവിലുള്ള പെരുമ്പഴുതൂർ മാർക്കറ്റിനെ പൊളിച്ചുമാറ്റി പുതിയ മാർക്കറ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നടത്തുമെന്നും ചെയർമാൻ വ്യക്തമാക്കി. 2.25 കോടി രൂപ ചെലവിൽ ചണ്ഡീഗഡ് മാതൃകയിലുള്ള ആധുനിക മാർക്കറ്റിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.