ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ നർമത്തിൽ ചാലിച്ചു അവതരിപ്പിച്ച പ്രതിഭയാണ് സുകുമാർ: ഇന്ദ്രൻസ്
1602212
Thursday, October 23, 2025 6:43 AM IST
തിരുവനന്തപുരം: ആരും പറയാൻ മടിക്കുന്ന ഗൗരവകരമായ കാര്യങ്ങൾ നർമത്തിൽ ചാലിച്ചു അവതരിപ്പിക്കുന്ന പ്രതിഭയാണ് സുകുമാർ എന്ന് ചലച്ചിത്രതാരം ഇന്ദ്രൻസ്. പ്രഥമ സുകുമാർ സ്മാരക പുരസ്കാരം നടൻ ഇന്ദ്രൻസിന് സൂര്യ കൃഷ്ണമൂർത്തി സമ്മാനിച്ച വേളയിലാണ് സുകുമാർ അനുസ്മരണം അദ്ദേഹം നടത്തിയത്. ലളിതമായി ഹാസ്യം ചലിച്ചു പറയുന്ന കാര്യങ്ങൾ എത്ര ഗൗരവമുള്ളതാണെന്ന് പിന്നീട് ചിന്തിക്കുമ്പോഴാണ് നമുക്ക് മനസിലാകുകയെന്നും അദ്ദേഹം പറഞ്ഞു.
സംസ്കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തുന്ന പ്രഥമ പ്രഫഷണൽ നാടകോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്കാരികോത്സവത്തിലാണ് ഹാസ്യ സാഹിത്യ പ്രതിഭ സുകുമാറിന്റെ പേരിലുള്ള പ്രഥമ സ്മാരക പുരസ്കാരം ഇന്ദ്രൻസിന് നൽകിയത്.
തന്റെ അച്ഛൻറെ പേരിലുള്ള പ്രഥമ പുരസ്കാരം സ്വീകരിക്കുന്ന ഇന്ദ്രൻസ് അതിന് തികച്ചും അനുയോജ്യനായ ആൾ എന്ന് അച്ഛൻ തന്നെ സമ്മതിച്ചിട്ടുണ്ടാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത സുകുമാറിന്റെ മകൾ സുമംഗല പറഞ്ഞു.
ഭാരത് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി, സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ, കൃഷ്ണ പൂജപ്പുര, സാഹിത്യകാരൻ സുദർശൻ, സംസ്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ് കുമാർ, സാഹിത്യകാരൻ സുകുമാറിന്റെ മകൾ സുമംഗല, സംസ്കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി ചെയർമാൻ പൂഴാനാട് ഗോപൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'കാലം പറക്കണ്' അവതരിപ്പിച്ചു.
ഇന്ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനവും പുരസ്കാര സന്ധ്യയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉത്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യാതിഥിയായിരിക്കും. തുടർന്ന് സാഹിതി തിയേറ്ററിന്റെ നാടകം 'മുച്ചീട്ടു കളിക്കാരന്റെ മകൾ' അവതരിപ്പിക്കും.