ജീവൻ രക്ഷപ്പെട്ടു; ഞെട്ടൽ മാറാതെ ലൂർദ് മേരി
1602219
Thursday, October 23, 2025 6:53 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: അന്തിയുറങ്ങാൻ കിടന്ന വീടിന്റെ മേൽക്കൂരയിൽ നിന്ന് ഓട് ഇളകി മുറിക്കുള്ളിൽ പതിച്ച ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ലൂർദ് മേരി കണ്ടത് കോരിച്ചൊരിയുന്ന മഴവെള്ളം മുറിക്കുള്ളിലേക്ക് പടരുന്നതായിരുന്നു. ഉറക്കച്ചടവിൽ ചാടിയെണീറ്റ് ഭർത്താവിനെയും രണ്ട് മക്കളെയും വിളിച്ചുണർത്തി വീശിയടിക്കുന്ന കാറ്റിനെയും തകർത്ത് ചെയ്യുന്ന മഴയെയും വക വയ്ക്കാതെ പുറത്തിറങ്ങുന്നതിനിടയിൽ എല്ലാവരെയും പേടിപ്പെടുത്തി മേൽക്കൂര പൂർണമായിനിലം പൊത്തി.
കിടപ്പാടം നഷ്ടമായെങ്കിലും താനുൾപ്പെടെ നാല് ജീവനുകൾക്ക് രക്ഷയാകാനായതിന്റെ ചാരിതാർഥ്യത്തിലാണ് വിഴിഞ്ഞം കോട്ടുകാൽ അമ്പലത്തും മൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം താമസിക്കുന്ന ലൂർദ് മേരി.
ചൊവ്വാഴ്ച രാത്രിയിൽ ചെയ്ത കനത്ത മഴയും കാറ്റുമാണ് ഈ കുടുംബത്തിന്റെ വീട് തകർത്തത്. മത്സ്യത്തൊഴിലാളിയായ പനിയടിമ, മക്കളായ കൊച്ചുത്രേസ്യ, ജ്യോതി എന്നിവരോടൊപ്പമാണ് ലൂർദ് മേരി ഉറങ്ങാൻ കിടന്നത്. പുറത്ത് തകർത്ത് ചെയ്യുന്ന മഴയും കാറ്റും. രാത്രി പതിനൊന്നോടെ മുറിക്കുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ട ലൂർദ് മേരി ഞെട്ടിയുണർന്നു.
ഓട് പൊട്ടിവീണ വിടവിൽ കൂടി മഴ വെള്ളം ശക്തമായി മുറിക്കുള്ളിലേക്ക് വീണ് കൊണ്ടിരുന്നു. മനസിൽ പന്തികേട് തോന്നിയ ഇവർ ഉറക്കത്തിലായിരുന്ന ഭർത്താവിനെയും മക്കളെയും വിളിച്ചുണർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. തൊട്ടടുത്ത് താമസിക്കുന്ന അമ്മയുടെ വീട്ടിലേക്ക് പോകാനായിരുന്നു ലക്ഷ്യം.
പുറത്തിറങ്ങി ഒന്ന് മാറുന്നതിനിടയിൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മേൽക്കൂരയും കഴുക്കോലുമെല്ലാം വലിയ ശബ്ദത്തോടെ നിലം പതിച്ചു. മയക്കത്തിനിടയിലും ഒരു നിമിഷം പോലും പാഴാക്കാതെയുള്ള തീരുമാനമാണ് ഇവർക്ക് അനുഗ്രഹമായത്. വലിയൊരു ദുരന്തത്തിന്റെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വസത്തിനിടയിലും ജീവൻ കവരാൻ പാകത്തിൽ അടുത്ത് എത്തിയ ദുരന്തം കണ്ട ഞെട്ടൽ ഇന്നലെയും ഇവരിൽ പ്രകടമായിരുന്നു.
വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും എല്ലാം മഴയിൽ കുതിർന്ന് നഷ്ടമായി. അമ്മയുടെ വീട്ടിൽ അഭയം തേടിയ ലൂർദ് മേരി ക്കും കുടുംബത്തിനും സ്വന്തമായൊരു വീടെന്ന സ്വപ്നത്തിന് ഇനി എത്ര കാലം കാത്തിരിക്കണമെന്നറിയില്ല. നഷ്ടപരിഹാര ആവശ്യവുമായി വില്ലേജിലും ഗ്രാമ പഞ്ചായത്തിലും അപേക്ഷ നൽകി സർക്കാരിന്റെ കരുണയും കാത്തിരിക്കുകയാണ് ഈ നിർധന കുടുംബം.