നെയ്യാർ കുടിവെള്ള പദ്ധതിക്ക് അകാലചരമം
1601858
Wednesday, October 22, 2025 6:54 AM IST
നെയ്യാർഡാം: നെയ്യാർ കുടിവെള്ള പദ്ധതിക്ക് അകാലചരമം. എഡിബി പദ്ധതിയിൽ 1096 കോടി ചെലവിട്ട് നഗരത്തിൽ 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കുമെന്ന് പറയുന്ന വാട്ടർ അഥോറിറ്റി വെള്ളം എവിടെ നിന്നെത്തിക്കുമെന്നു മാത്രം പറയുന്നില്ല.
അരുവിക്കര മാത്രമാണ് നഗരത്തിലേക്കുള്ള കുടിവെള്ള സ്രോതസ്. ഇവിടെ ക്ഷാമമുണ്ടായാൽ പരിഹരിക്കാനാണ് നെയ്യാറിൽ 120 എംഎൽഡി കുടിവെള്ള പ്ളാന്റ് സ്ഥാപിക്കാൻ 2015-ൽ തീരുമാനിച്ചത്. എന്നാൽ 10 വർഷമായിട്ടും പദ്ധതി തുടങ്ങിയയിടത്ത് തന്നെയാണ്. ടെൻഡറടക്കമുള്ള പ്രാരംഭഘട്ടം മുതൽ പദ്ധതി അട്ടിമറിക്കാനായിരുന്നു ശ്രമം.
2019-ലാണ് ആദ്യം ടെൻഡർ വിളിച്ചത്. എന്നാൽ തുക പോരെന്നു പറഞ്ഞ് കരാറുകാരൻ പിന്മാറി. കരാറുകാരൻ ആവശ്യപ്പെട്ട തുക കൂടുതനായതിനാൽ റീടെൻഡറും സർക്കാർ റദ്ദാക്കി. വീണ്ടും ടെൻഡർ വിളിച്ചെങ്കിലും പൈപ്പ് ലൈൻ അലൈൻമെന്റിൽ കിഫ്ബി ഉടക്കിട്ടതോടെ വീണ്ടും റദ്ദാക്കി.
തുടർന്നു പിന്നീട് ടെൻഡർ ക്ഷണിച്ചപ്പോൾ ശാസ്തമംഗലം കൊച്ചാർ റോഡിലെ ഷിക്കാഗോ കൺസ്ട്രക്ഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് 91.09 കോടി ക്വാട്ട് ചെയ്തു. 68.61 കോടിയായിരുന്നു വാട്ടർ അഥോറിറ്റിയുടെ എസ്റ്റിമേറ്റ്. എന്നാൽ കമ്പനി ക്വാട്ട് ചെയ്ത തുക 46 ശതമാനം ഉയർന്നതായിരുന്നു. എസ്റ്റിമേറ്റിനെക്കാൾ 10 ശതമാനത്തിന് മുകളിൽ ക്വാട്ട് ചെയ്യുന്ന ടെൻഡർ അംഗീകരിക്കാൻ മന്ത്രിസഭയുടെ അനുമതി വേണം.
എന്നാൽ പദ്ധതിക്കുള്ള സ്ഥലം കണ്ടെത്തി പ്ളാന്റും വിതരണ ലൈനും സ്ഥാപിക്കാൻ ഒറ്റ ടെൻഡർ ക്ഷണിക്കണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നിട്ടും വാട്ടർ അഥോറിറ്റി ഇതുവരെ അനങ്ങിയില്ല. ടെൻഡർ തള്ളിയ വിവരം ഷിക്കാഗോ കമ്പനിയെ അറിയിച്ചതുമില്ല. മറുപടിയൊന്നും ലഭിക്കാത്തതിനാൽ ഒരാഴ്ച മുമ്പ് കമ്പനി കരാറിൽനിന്നു പിന്മാറി. അതോടെ ഈ പദ്ധതി ഇല്ലാതാകുമെന്നാണ് സൂചന.
അരുവിക്കര, പേപ്പാറ സംഭരണികളിൽ ജലദൗർലഭ്യം അനുഭവപ്പെടുന്ന സ്ഥിതിയുള്ളതിനാൽ ഇവയെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതി പരിഗണിച്ചാണ് ബദൽ സംഭരണ സ്രോതസ് എന്ന നിലയിൽ സർക്കാർ ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്.
നെയ്യാർഡാമിൽനിന്നുള്ള വെള്ളം സമീപം സ്ഥാപിക്കുന്ന പ്ലാന്റിൽ ശുദ്ധീകരിച്ച് പിടിപി നഗറിലെ സംഭരണിയിൽ ശേഖരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഉയർന്ന പ്രദേശമായ നെയ്യാർഡാമിൽനിന്നു ശുദ്ധീകരിച്ച വെള്ളം വീണ്ടുമൊരു പമ്പിംഗ് കൂടാതെ 24 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ സ്വാഭാവികമായ ഒഴുക്കിൽ പിടിപി നഗറിലെ സംഭരണിയിൽ എത്തിക്കാനാകുമെന്ന വിദഗ്ദ്ധ നിർദേശത്തിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. ഇതിനായി ഈ ദൂരമത്രയും 1400 മില്ലീമീറ്റർ വ്യാസമുള്ള മൈൽഡ് സ്റ്റീൽ പൈപ്പുകളാണ് സ്ഥാപിക്കുക.
പ്രധാന റോഡ് കുഴിക്കുന്നത് പരമാവധി ഒഴിവാക്കിയുള്ള ദൂരം നെയ്യാർഡാം കനാലിന്റെയും, ബണ്ട് റോഡുകളിലൂടെയും, ബാക്കി റോഡരികിലൂടെയും പൈപ്പ് സ്ഥാപിക്കാനാണ് തീരുമാനം. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് ജല അഥോറിറ്റി അറിയിച്ചിട്ടുള്ളത്. തുടങ്ങുന്നത് കൂറ്റൻ പദ്ധതി 20 എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണശാലയാണ് നെയ്യാർഡാമിൽ സ്ഥാപിക്കുന്നത്. ഇതിൽ 100 എംഎൽഡി. വെള്ളം നഗരത്തിനും, ബാക്കി 20 സമീപത്തെ വിളപ്പിൽ, വിളവൂർക്കൽ, മലയിൻകീഴ്, മാറനല്ലൂർ പഞ്ചായത്തുകൾക്കുമാണ്.