സാധാരണക്കാരുടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം: മന്ത്രി ജി.ആർ.അനിൽ
1602215
Thursday, October 23, 2025 6:43 AM IST
നെടുമങ്ങാട് : സാധാരണക്കാരുടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കരിപ്പൂര് ഗവ.ഹൈസ്കൂളിന്റെ ബഹുനില മന്ദിരത്തിന്റെയും കിച്ചൺ കം സ്റ്റോറിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.
കരിപ്പൂർ ഹൈസ്കൂളിന് അടിയന്തരമായി വേണ്ട പഠന സൗകര്യങ്ങളും സ്കൂൾ ബസും ഉടൻ തന്നെ ഏർപ്പെടുത്തുമെന്നും അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തി പൊതുവിദ്യാലയങ്ങൾ നാടിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലം യാഥാർത്ഥ്യമായിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി-കില ഫണ്ടിൽ നിന്ന് 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം നിർമിച്ചത്. പ്ലാൻ ഫണ്ടിൽ നിന്നുള്ള 8,58,976 രൂപയാണ് കിച്ചൺ കം സ്റ്റോറും നിർമ്മാണത്തിന് വിനിയോഗിച്ചത്.
നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി, കില ചീഫ് മാനേജർ ആർ. മുരളി തുടങ്ങിയവർ പങ്കെടുത്തു.