കേന്ദ്രസേന എടക്കര മേഖലയില്‍ റൂട്ട് മാര്‍ച്ച് നടത്തി
1565521
Saturday, June 7, 2025 5:50 AM IST
എടക്കര: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്രസേന എടക്കര മേഖലയില്‍ റൂട്ട് മാര്‍ച്ച് നടത്തി. വഴിക്കടവ്, എടക്കര, പോത്തുകല്‍ സ്റ്റേഷന് പരിധികളിലാണ് കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തിയത്.
പോലീസ്, സിആര്‍പിഎഫ്, സിഐഎസ്എഫ് സേനകള്‍ റൂട്ട് മാര്‍ച്ചില്‍ അണിനിരന്നു. വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ ടി.വി. ധനഞ്ജയദാസ്, സിഐഎസ്എഫ് പ്ലാറ്റൂണ്‍ കമാന്‍ഡര്‍ പി.എ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ മരുത കാഞ്ഞിരത്തിങ്ങല്‍ മുതല്‍ ചക്കപ്പാടം വരെയാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.
തുടര്‍ന്ന് ഇതേ സേനയുടെ നേതൃത്വത്തില്‍ വഴിക്കടവ്, നാരോക്കാവ് എന്നിവിടങ്ങളിലും എടക്കര ഇന്‍സ്പെക്ടര്‍ ഇ. ബാബുവിന്റെ നേതൃത്വത്തില്‍ കലാസാഗര്‍ മുതല്‍ പാലത്തിങ്ങല്‍ വരെയും റൂട്ട് മാര്‍ച്ച് നടത്തി. വരും ദിവസങ്ങളില്‍ പ്രധാന ടൗണുകളിലും പ്രശ്നബാധിത മേഖലകളിലും റൂട്ട് മാര്‍ച്ച് നടത്തും.
സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നീ സേനകളിലെ 90 പേരടങ്ങുന്ന സംഘമാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്. പോത്തുകല്‍ സ്റ്റേഷന് പരിധിയിലെ എരുമമുണ്ട, മുണ്ടേരി, ഉപ്പട, ഞെട്ടിക്കുളം എന്നീ നാലിടങ്ങളില്‍ ഇന്ന് റൂട്ട് മാര്‍ച്ച് നടക്കും.