സര്‍ക്കാര്‍ കാര്യാലയത്തിന്റെ മതില് അപകടാവസ്ഥയില്‍
1565528
Saturday, June 7, 2025 6:03 AM IST
മഞ്ചേരി: ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുള്ള മതില് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മഞ്ചേരി കോവിലകം റോഡില്‍ നിന്നും കോടതി, പോലീസ് സ്റ്റേഷന്, മിനി സിവില്സ്റ്റേഷന് ഉൾപ്പെടെയുള്ള സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്കുള്ള വഴിയിലാണ് അപകടം പതിയിരിക്കുന്നത്.
ഇതുവഴി പോകുന്നവര്‍ ജാഗ്രത പാലിക്കുന്നതിനായി സുമനസുകളാരോ ഇവിടെ കസേരകളും പട്ടിക വടികളും വച്ചിട്ടുണ്ട്. "മതില് അപകടാവസ്ഥയില്‍, സൂക്ഷിച്ചു പോകുക' എന്ന മുന്നറിയിപ്പും കടലാസില്‍ പ്രിന്റ് ചെയ്ത് ഒട്ടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കാര്യാലയങ്ങളുടെ കെട്ടിടങ്ങളും മതിലും മറ്റും അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ അതാത് മേലധികാരികള്‍ പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നല്‍കണമെന്നാണ് ചട്ടം.
ഇത്തരത്തില്‍ അപേക്ഷ നല്കിയാല് തന്നെ അറ്റകുറ്റപ്പണികള്‍ക്കായി ഏറെ കാലതാമസം നേരിടാറുണ്ട്. എന്നാല്‍ ഇവിടെ അപകടാവസ്ഥയിലായിരിക്കുന്നത് പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിന്റെ മതില് തന്നെയാണെന്നതാണ് വസ്തുത.