പിഎംജിഎസ്വൈ: 300 റോഡുകൾക്ക് അംഗീകാരമായതായി പ്രിയങ്ക ഗാന്ധി
1570377
Thursday, June 26, 2025 5:57 AM IST
കൽപ്പറ്റ: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന നാലാം ഘട്ടത്തിൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ 300 റോഡുകൾക്ക് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഏജൻസിയുടെ(എൻആർഐഡിഎ) അംഗീകാരം ലഭിച്ചതായി പ്രിയങ്ക ഗാന്ധി എംപി. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനത്തിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഓണ്‍ലൈനിൽ സംസാരിക്കുകയായിരുന്നു അവർ.
ഐസിഡിഎസ് പ്രൊജക്ട് ഓഫീസിന് കീഴിൽ സ്വന്തമായി സ്ഥലമുള്ളതും കെട്ടിടം ഇല്ലാത്തുമായ അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ സിഎസ്ആർ ഫണ്ട് കണ്ടെത്തും. ചെന്നലോട്-ഉൗട്ടുപാറ റോഡിന്റെ നിർമാണം അടിയന്തരമായി പുനരാരംഭിക്കും. വെള്ളമുണ്ട-പുളിഞ്ഞാൽ റോഡ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കുന്നതിനും അച്ചൂർ പാലം നിർമാണം വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.
ഗവ.മെഡിക്കൽ കോളജ് ഭൂമി, കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആരംഭിക്കുന്നതിന് സ്ഥലമേറ്റെടുക്കൽ എന്നിവ യോഗം ചർച്ച ചെയ്തു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന, പ്രോജക്ട് ഡയറക്ടർ സി.കെ. അജീഷ്, ചെറിയ കോലോത്ത് തുടങ്ങിയവർ പങ്കെടുത്തു.