മങ്കൊമ്പ്: കത്തോലിക്കാ കോൺഗ്രസ് പുളിങ്കുന്ന് ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ മദർ തെരേസയുടെ 27-ാമത് ചരമവാർഷികവും അനുസ്മരണവും നടന്നു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് അർഹതപ്പെട്ടവന് നന്മ നിഷേധിക്കരുതെന്നും കാരുണ്യത്തോടെ, മുഖം നോക്കാതെ, പരസഹായം ചെയ്തിരുന്ന പുണ്യമാതൃകയാണ് വിശുദ്ധ മദർ തെരേസയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൊറോനാ പ്രസിഡന്റ് സോണിച്ചൻ പുളിങ്കുന്ന് അധ്യക്ഷത വഹിച്ചു. ഫൊറോനാ വികാരി റവ. ഡോ. ടോം പുത്തൻകളം, അനുഗ്രഹ പ്രഭാഷണവും ഫൊറോനാ ഡയറക്ടർ ഫാ. ജോസഫ് കുറിയന്നൂർപറമ്പിൽ ആമുഖ സന്ദേശവും നടത്തി. ജേക്കബ് ടി. നീണ്ടിശേരി, ജോസ് വെങ്ങാന്തറ, ജിനോ ജോസഫ്, ചാക്കപ്പൻ ആന്റണി, ജോസി ഡൊമിനിക്, മാത്തുക്കുട്ടി കഞ്ഞിക്കര, ഡോ. രേഷ്മ തുടങ്ങിയവർ പ്രസംഗിച്ചു.