യുവാവിനെ ആക്രമിച്ച് പണം കവര്‍ന്ന രണ്ടുപേർ പിടിയിൽ
1418533
Wednesday, April 24, 2024 6:54 AM IST
ഏറ്റുമാനൂര്‍: മദ്യം വാങ്ങുന്നതിനു ക്യൂവില്‍ നിന്ന യുവാവിനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ കിഴക്കുംഭാഗം പള്ളിമല കല്ലുവെട്ടുകുഴിയില്‍ ജസ്റ്റിന് സണ്ണി (29), ഏറ്റുമാനൂര്‍ കിഴക്കുംഭാഗം വെട്ടിമുകള്‍ തെക്കേതടത്തില്‍ സച്ചിന്‍സണ്‍ (26) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം വൈകുന്നേരം 4.30ന് ഏറ്റുമാനൂര്‍ ജംഗ്ഷനിലുള്ള ബിവറേജില്‍ മദ്യം വാങ്ങുന്നതിനായി ക്യൂ നിന്ന ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശിയായ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയും ആക്രമിക്കുകയും യുവാവിന്റെ പോക്കറ്റില്‍നിന്നു 2500 രൂപ കവര്‍ന്നെടുത്ത് കടന്നുകളയുകയുമായിരുന്നു.
യുവാവ് നിന്നതിനു മുന്നിലേക്ക് മദ്യം വാങ്ങുന്നതിനായി ഇവര്‍ ഇടിച്ച് കയറിയത് യുവാവ് ചോദ്യം ചെയ്തപ്പോൾ പ്രതികൾ യുവാവിനെയും സുഹൃത്തിനെയും ചീത്തവിളിക്കുകയും ആക്രമിക്കുകയും ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു പണം തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത ഏറ്റുമാനൂര്‍ പോലീസ് കേസ് ഇവരെ പിടികൂടി കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.