ചെക്ക്ഡാമിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി
1424885
Sunday, May 26, 2024 2:22 AM IST
ഈരാറ്റുപേട്ട: ചെക്ക്ഡാമില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയെ സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഈരാറ്റുപേട്ട മുഹിയിദ്ദീന്‍ പള്ളിക്കു സമീപത്തെ ചെക്ക്ഡാമിലാണ് തമിഴ്നാട് സ്വദേശിയായ പ്രഭു അകപ്പെട്ടത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. ജോലി കഴിഞ്ഞെത്തിയ പ്രഭു കൈയിലുണ്ടായിരുന്ന തൂമ്പ കഴുകാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്കു വീഴുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ വലിയ വെള്ളമൊഴുക്കാണ് അനുഭവപ്പെട്ടിരുന്നത്. മോട്ടോറിന്റെ ഹോസില്‍ പിടിച്ചുകിടന്ന പ്രഭുവിന് കരയിലേയ്ക്ക് കയറാനായില്ല. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ടീം എമര്‍ജന്‍സി, നന്മക്കൂട്ടം പ്രവര്‍ത്തകരെത്തിയാണ് പ്രഭുവിനെ കരയ്ക്കെത്തിച്ചത്. ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തിയിരുന്നു. പ്രഭുവിനെ ഈരാറ്റുപേട്ട സര്‍ക്കാരാശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം പാലാ ജനറൽ ആശുപത്രിയിലേക്കു മാറ്റി.