മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
1300541
Tuesday, June 6, 2023 1:08 AM IST
മൂവാറ്റുപുഴ: മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മുടവൂർ ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയിയെ (35) മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് അവശനിലയിൽ വീട്ടിൽ കിടന്ന ഭാസ്കരനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ, ഞായറാഴ്ച രാത്രി ഏഴോടെ മരിച്ചു.
പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ല് ഒടിഞ്ഞതും ആന്തരിക അവയവങ്ങൾക്ക് ഉണ്ടായ ക്ഷതവുമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഭാസ്ക്കരനും ഭാര്യയും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത് . മദ്യപിച്ച് എത്തുന്ന ബിനോയ്, പിതാവിനെ മർദിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയും മർദനമേറ്റിരുന്നു.