പ്രീ മെട്രിക് ഹോസ്റ്റലിൽ പുരുഷ പാചകക്കാരനെ നിയമിച്ചതിൽ പരാതി
1224512
Sunday, September 25, 2022 12:44 AM IST
ഷൊർണൂർ : നഗരസഭയിലെ പെണ്‍കുട്ടികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ പുരുഷ പാചകക്കാരനെ നിയമിച്ചതിൽ പരാതി. പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണു പുതിയതായി സ്ഥലംമാറ്റം ലഭിച്ച് പാചക ജോലിക്കെത്തിയയാൾക്കെതിരേ പരാതിയുമായെത്തിയിരിക്കുന്നത്. അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള എസ്സി, എസ്ടി വിഭാഗത്തിലെ പെണ്‍കുട്ടികളാണ് പ്രീമെട്രിക് ഹോസ്റ്റലിലെ താമസക്കാർ.
ഓണാവധിക്കുശേഷമാണു പുരുഷ പാചകക്കാരൻ ജോലിക്കെത്തിയതെന്നു രക്ഷിതാക്കൾ പറയുന്നു. പെണ്‍കുട്ടികൾ മാത്രം താമസിച്ച് പഠിക്കുന്ന ഹോസ്റ്റലിൽ പുരുഷ പാചകക്കാരനെ നിയോഗിച്ച തീരുമാനം പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ പുരുഷനെ പാചകക്കാരനായി നിയമിച്ചതു വിദ്യാർഥിനികളുടെ സ്വകാര്യത കണക്കാക്കാതെയാണെന്നു നഗരസഭാ പ്രതിപക്ഷനേതാവ് ഇ.പി. നന്ദകുമാർ ആരോപിച്ചു.