പാഴ്ചെടികൾ വളർന്ന് ഉപയോഗ തടസമായ വേന്പ്ര ശ്മശാനം നവീകരിക്കണം
1228088
Friday, October 7, 2022 1:03 AM IST
ചിറ്റൂർ : പാട്ടികുളം പൊതുശ്മശാനത്തിൽ പാഴ്ചെടികൾ വളർന്നു പന്തലിച്ച് മൃതദേഹം സംസ്കരിക്കാൻ എത്തുന്നവർക്ക് അകത്തു പ്രവേശിക്കാൻ കഴിയുന്നില്ലെന്നു പരാതി.
നന്ദിയോട്, പാട്ടികുളം, വേന്പ്ര, കയ്പ്പൻകുളന്പ്, മേൽപ്പാടം, മേലേ കവറത്തോട് ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നുമുള്ള മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി വേന്പ്ര കുന്നിനു
താഴെയുള്ള പൊതുശ്മശാനത്തെയാണ് ആശ്രയിക്കുന്നത്. ശ്മശാന ഭൂമിയിലെ പാഴ്ചെടികൾക്കിടയിൽ പന്നിക്കൂട്ടം തന്പടിച്ചിരിക്കുകയാണ്. മൃതദേഹ സംസ്കാരത്തിന് കുഴിയെടുക്കാൻ കഴിയാത്ത വിധം പാഴ്ച്ചെടികൾ വളർന്നിരിക്കുന്ന സ്ഥിതിയാണുള്ളത്.
ശ്മശാനത്തിനു മുന്നിലെ വൈദ്യുതി തൂണിലുണ്ടായിരുന്ന തെരുവു വിളക്ക് അണഞ്ഞ് മാസങ്ങളായതായാണ് നാട്ടുകാരുടെ പരാതി. നിർധന കർഷക തൊഴിലാളി കുടുംബങ്ങളാണു സമീപപ്രദേശങ്ങളിൽ കൂടുതലായുള്ളത്.
സാന്പത്തിക സൗകര്യമുള്ളവർ ആംബുലൻസിൽ മൃതദേഹം കൊണ്ടുവന്ന് പട്ടഞ്ചേരി വാതക ശ്മശാനത്തിലണ് സംസ്കാരം നടത്തിവരുന്നത്. അടിയന്തരമായി വേന്പ്ര പൊതുശ്മശാനം ഉപയോഗപ്രദമാവുംവിധം നവീകരിക്കണമെന്നതാണ് ജനകീയാവശ്യം.