മകൻ മുങ്ങി മരിച്ച വാർത്തയറിഞ്ഞ് മാതാവ് കുഴഞ്ഞ് വീണ് മരിച്ചു
1246528
Wednesday, December 7, 2022 12:54 AM IST
ഒറ്റപ്പാലം: മകൻ മുങ്ങി മരിച്ച വാർത്തയറിഞ്ഞ് മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. അന്പലപ്പാറ തിരുണ്ടി കോടങ്ങാട്ടിൽ അബൂബക്കറിന്റെ (മണി) മകൻ അനീഷ് ബാബു (39), മാതാവ് ആമിനക്കുട്ടി (59) എന്നിവരാണ് മരിച്ചത്.
വീടിന് ചേർന്നുള്ള മീൻ വളർത്തുന്ന പഴയ ക്വാറിയിലാണ് അനീഷ് ബാബു അപകടത്തിൽ അകപ്പെട്ടത്. അനീഷ് ബാബുവിനെ ഇന്നലെ വൈകുന്നേരം മുതൽ കാണാതായ ശേഷം ഒരു മണിക്കൂർ സമയം നടത്തിയ തെരച്ചിലിൽ 5.30 ഓടെയാണ് ക്വാറിയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്റെ ദുരന്തവാർത്തയറിഞ്ഞ ഹൃദ്രോഗിയായ മാതാവ് കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മകന് പിറകെ ഇവരും മരിക്കുകയായിരുന്നു. അനീഷ് ബാബു അവിവാഹിതനാണ്. അനീഷ് ബാബുവിന്റെ സഹോദരൻ മനാഫും മുന്പ് വെള്ളത്തിൽപ്പെട്ട് മരിക്കുകയായിരുന്നു. ഷമീന സഹോദരിയാണ്.