പനയിൽ കുടുങ്ങിയ ചെത്തു തൊഴിലാളിയെ സുരക്ഷിതമായി താഴെ ഇറക്കി
1262650
Saturday, January 28, 2023 1:10 AM IST
കൊല്ലങ്കോട്: പല്ലശനയിൽ പനയിൽ കയറി കള്ളു ചെത്തുന്നതിനിടെ അസ്വസ്ഥയുണ്ടായ മധ്യവയസ്ക്കനെ കൊല്ലങ്കോട് അഗ്നി രക്ഷാനിലയം ജീവനക്കാരും പ്രദേശത്തെ മൂന്ന് നാട്ടുകാരും ചേർന്ന് സുരക്ഷിതമായി താഴെയിറക്കി ആശുപത്രിയിലെത്തിച്ചു. അന്പഴക്കാട് ചെന്താമരാക്ഷൻ (56) ആണ് പനയിൽ ഒരു മണിക്കുറോളം പനയിൽ അവശനിലയിൽ അകപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. പല്ലശന റോഡുവക്കത്തെ പാടവരന്പിലാണ് സംഭവം. അതുവഴി എത്തിയ കാൽ നടയാത്രികനാണ് പനയ്ക്ക് മുകളിൽ പനന്പട്ടയിൽ ചലനമില്ലാതെ നിൽക്കുന്ന ചെത്തുതൊഴിലാളിയെ കണ്ടത്. ഉടൻ സുഹൃത്തുക്കളെ അറിയിച്ചു. സ്ഥലത്തെത്തിയവർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ ജീവനക്കാർ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. രക്ഷാപ്രവർത്തകർ സംഘം മരത്തിൽ ലാഡർ ഘടിപ്പിച്ചു. തുടർന്നു നാട്ടുകാരായ രാജൻ, ബാബു, മണി എന്നിവരും പനമുകളിൽ കയറി.
പിന്നീട് വളരെ സാഹസികമായി ചെന്താമരാക്ഷനെ വലയിൽ കിടത്തി സുരക്ഷിതമായി ജീവനക്കാരുടെ സഹായത്തോടെ താഴെയിറക്കി. വയൽ വരന്പിൽ ഇറക്കിയ സമയത്ത് ചെന്താമരാക്ഷന്റെ ഇടതു കൈ സ്വാധീനം ഇല്ലാത്ത നിലയിൽ ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് ചെന്താമരാക്ഷനെ വാഹനത്തിൽ പാലന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചു. എ എസ്ടിഒ അർജുൻ കെ. കൃഷ്ണ, ഗ്രേഡ് എ എസ്ടി ഒ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടാവസ്ഥയിൽ പനയ്ക്കു മീതെ കുടുങ്ങിയയാളെ രക്ഷപ്പെടുത്താൻ സാഹസീയമായി പ്രയത്നിച്ച രാജൻ, ബാബു, മണി എന്നിവരെ ഫയർഫോഴ്സ് അധികൃതരും സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പ്രശംസിച്ചു.