ഭവാനി വന്യജീവിസങ്കേത പദ്ധതി പിൻവലിക്കണം: അഗളി പഞ്ചായത്ത് പ്രമേയം പാസാക്കി
1263827
Wednesday, February 1, 2023 12:30 AM IST
പാലക്കാട്: അട്ടപ്പാടിയിൽ പുതുതായി ശിപാർശ ചെയ്ത ഭവാനി വന്യജീവിസങ്കേത പദ്ധതി ശുപാർശ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഗളി ഗ്രാമ പഞ്ചായത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഈ പ്രമേയം അട്ടപ്പാടിയുടെ ജനമനസാണ് എന്ന് പ്രമേയത്തെ അനുകൂലിച്ച മുഴുവൻ അംഗങ്ങളും അഭിപ്രായപ്പെട്ടു.
അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണ് അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേ്യന പാസാക്കി. സൈലന്റ്വാലി ദേശിയ ഉദ്യാനത്തിന്റെ പരിധിയിൽ വരുന്ന 148 ചതുരശ്ര കി.മി ബഫർ സോണും അഗളി റേഞ്ചിലെ ഫോറസ്റ്റും ചേർത്താണ് വനം വകുപ്പ് പുതിയ വന്യജീവിസങ്കേതം ഭവാനി എന്ന പേരിൽ ശിപാർശ ചെയ്തത്.
രാജ്യത്ത് വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ വന്നിരിക്കുന്ന നിയമങ്ങൾ, പുതുതായി നിർദ്ദേശിച്ചിരിക്കുന്ന വന്യ ജീവി സങ്കേതത്തിനും ബാധകമാകും എന്ന് പ്രമേയം വിലയിരുത്തി. ഇത്തരം നിയമങ്ങൾ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ബഫർ സോണ്‍ നിർബന്ധമാക്കുന്നതാണ്.
ഭവാനി സങ്കേതം നിലവിൽ വന്നാൽ അതിന് ആവശ്യമായ ബഫർ സോണ്‍ റവന്യൂ ഭൂമിയിൽ കാണ്ടെത്തേണ്ടിവരും. വന്യമൃഗശല്യം രൂക്ഷമായ അപ്പാടിയിൽ പുതിയ സങ്കേത ശിപാർശ ജനങ്ങളിൽ കടുത്ത ആശങ്ക ഉണർത്തുമെന്ന് പഞ്ചായത്ത് അഭിപ്രായപ്പെട്ടു. അട്ടപ്പാടിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിൽ പഞ്ചായത്ത് എന്നും ജനപക്ഷത്തായിരിക്കുമെന്ന് പ്രമേയം പാസാക്കിക്കൊണ്ട് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.
ഈ മാസം മൂന്നിനുള്ളിൽ പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലും, അഗളി ബ്ലോക്ക് പഞ്ചായത്തിലും സമാനമായ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കും. അട്ടപ്പാടിയിലെ മുഴുവൻ പഞ്ചായത്തുകളും, അഗളി ബ്ലോക്കു പഞ്ചായത്തും പാസാക്കിയ പ്രമേയവും അടപ്പാടി അതിജീവന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ അതിജീവന ഭീമഹർജിയും മുഖ്യമന്ത്രിക്ക് സമർപ്പിക്കും.