ദേശീയ പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാമതായി മണ്ണാർക്കാട് എംഇഎസ് സ്കൂൾ
1280730
Saturday, March 25, 2023 12:48 AM IST
മണ്ണാർക്കാട് : പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ എൻഎംഎംഎസ് ദേശീയ സ്കോളർഷിപ്പ് പരീക്ഷയിൽ മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട് ജില്ലയിൽ ഒന്നാമതും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടി മികച്ച വിജയം കുറിച്ചു. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ ഫ്ലയിം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നല്കിയിരുന്നു. സ്കൂളിലെ അധ്യാപകരും ശനി, ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുത്തിരുന്നു. ഈ വിദ്യാലയത്തിലെ 241 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 188 വിദ്യാർഥികൾ വിജയിക്കുകയും അതിൽ 34 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്തു. മുൻവർഷങ്ങളിൽ എൻഎംഎംഎസ് പരീക്ഷയിൽ ജില്ല, സംസ്ഥാന തലങ്ങളിൽ മുൻനിരയിലായിരുന്നു ഈ വിദ്യാലയം. എംഎൽഎയുടെ പ്രത്യേക മേൽനോട്ടത്തിലാണ് മണ്ഡലത്തിലെ മറ്റു സ്കൂളുകളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് എൻഎംഎംഎസ് പരീക്ഷാ പരിശീലനം സംഘടിപ്പിച്ചത്. വിജയികളായ കുട്ടികൾക്ക് ഒൻപതാം ക്ലാസ് മുതൽ പ്ലസ്ടു വരെ വർഷം തോറും 12,000 രൂപ ലഭിക്കും എന്നതാണ് ഈ സ്കോളർഷിപ്പിന്റെ പ്രത്യേകത. ചിട്ടയായ പരിശീലനവും മോക്ക് ടെസ്റ്റുകളും അവധി ദിവസ ക്ലാസുകളും നടത്തിയാണ് വിദ്യാർഥികൾ ഈ ചരിത്രവിജയം കരസ്ഥമാക്കിയതെന്ന് മാനേജ്മെന്റ്, പിടിഎ, എച്ച്എം എന്നിവർ അറിയിച്ചു.