പശുവളർത്തൽ സബ്സിഡി നിർത്തി; ദുരിതത്തിലായി ക്ഷീരകർഷകർ
1460242
Thursday, October 10, 2024 7:45 AM IST
നെന്മാറ: ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന പശുവളർത്തൽ സബ്സിഡി പദ്ധതി നിർത്തിവെച്ചു. നെന്മാറ ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ നിന്ന് പുതുതായി 50 ശതമാനം സബ്സിഡിയോടെ പശുവാങ്ങുന്ന പദ്ധതിയാണ് സർക്കാർ ഫണ്ട് ചെലവഴിക്കുന്നത് നിർത്തിവച്ചത്.
പരമാവധി 65,000 രൂപ വില വരുന്ന പശുവിന് അതിന്റെ പകുതി തുക സബ്സിഡിയായി നൽകുമെന്നും കേരളത്തിന് പുറത്തുനിന്ന് പശുവിനെ വാങ്ങണമെന്നും മൃഗഡോക്ടർ നിശ്ചയിക്കുന്ന തുകയ്ക്കുള്ള ഇൻഷ്വറൻസ് തുക അടയ്ക്കണമെന്നും തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പ്രകാരമാണ് അപേക്ഷ നൽകി അനുമതി വാങ്ങിയശേഷം ക്ഷീരകർഷകർ പശുവിനെ വാങ്ങിയത്. പശു വാങ്ങിയതിനു ശേഷം രേഖകൾ സഹിതം ബ്ലോക്ക് തല ക്ഷീര വികസന ഓഫീസുകളിൽ മാസങ്ങൾക്കു മുമ്പ് തന്നെ അപേക്ഷകളും രേഖകളും കർഷകർ നൽകിയിരുന്നു.
എന്നാൽ ഒക്ടോബർ മാസം സർക്കാർ ഈ പദ്ധതിക്ക് അനുവദിച്ച തുക നിർത്തിവെച്ചതായി ക്ഷീരവികസന ഓഫീസിൽ നിന്ന് അറിയിച്ചതോടെയാണ് കർഷകർ ദുരിതത്തിലായത്.
വകുപ്പ് നിർദേശിച്ച പ്രകാരം സംസ്ഥാനത്തിന് പുറത്തുനിന്നു തന്നെ പശുക്കളെ വാങ്ങിക്കൊണ്ടു വരികയും കടത്തുകൂലി, ഇൻഷ്വറൻസ് തുടങ്ങി പലവിധത്തിൽ ഭീമമായ തുക ചെലവാക്കുകയും ചെയ്തു. പലരും സബ്സിഡി ഉൾപ്പെടെയുള്ളവ ലഭിക്കും എന്ന ഉദ്ദേശത്തിൽ സ്വർണപണയവായ്പ ഉൾപ്പെടെ കടം വാങ്ങിയാണ് പശുക്കളെ വാങ്ങിയത്. ഇപ്പോൾ സബ്സിഡി പദ്ധതി മാറ്റിവെച്ചതായി അറിയിപ്പ് കിട്ടിയതോടെയാണ് കർഷകർ കടക്കെണിയിലായത്. നെന്മാറ ക്ഷീര വികസന വകുപ്പിന്റെ പരിധിയിൽ നെന്മാറ, മേലാർകോട്, അയിലൂർ, വണ്ടാഴി, എലവഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകരാണ് ക്ഷീരവകുപ്പിന്റെ നടപടിമൂലം ദുരിതത്തിലായത്.
പ്രഖ്യാപിച്ച പ്ലാൻ വിഭാഗത്തിലുള്ള പദ്ധതി പുനസ്ഥാപിച്ച് ക്ഷീരകർഷകർക്ക് വാഗ്ദാനം ചെയ്ത സബ്സിഡി തുകയും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് മേഖലയിലെ കർഷകർ ആവശ്യപ്പെട്ടു. പലരും മാസങ്ങളായി ഓമനിച്ചു കുടുംബാംഗമായി വളർത്തുന്ന പശുക്കളെ വിറ്റ് ബാധ്യത തീർക്കാനും മടിക്കുകയാണ്. പദ്ധതി പ്രഖ്യാപിച്ച ശേഷം സാമ്പത്തിക വർഷം പകുതിയാകുമ്പോൾ പദ്ധതി ഉപേക്ഷിച്ചത് ക്ഷീരമേഖലയിലെ കർഷകരെ ദുരിതത്തിലാക്കിയത്.
നിർത്തിവെച്ച പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര കർഷകർ ക്ഷീരവികസന വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ്.