ബോളിവുഡ് താരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്കുനേരെ വെടിവയ്പ്
Friday, August 8, 2025 10:21 AM IST
ഒട്ടാവ: ബോളിവുഡ് ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്കുനേരെ വെടിവയ്പ്. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള സറിയിലെ കഫേയ്ക്ക് നേരെ ഈ മാസം ഇതു രണ്ടാം തവണയാണ് വെടിവയ്പ് ഉണ്ടാകുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ലോറൻസ് ബിഷ്ണോയ് സംഘവും ഗുർപ്രീത് സിംഗ് സംഘവും സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു. കഫേയ്ക്ക് നേരെയുണ്ടായ വെടിവയ്പിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ 20ലേറെ തവണ വെടിയുതിർക്കുന്നതിന്റെ ശബ്ദം കേൾക്കാം.
കപിൽ ശർമയുടെയും ഭാര്യ ഗിന്നി ചത്രാത്തിന്റെയും ഉടമസ്ഥതയിലാണ് കഫേ. കഴിഞ്ഞമാസമാണ് കഫേ ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ കഫേയ്ക്ക് നേരെ ഖലിസ്ഥാൻ ഭീകർ വെടിയുതിർത്തിരുന്നു. കാറിലിരുന്നാണ് അക്രമി കഫേയുടെ ജനാലയിലേക്ക് ഒൻപതു തവണ വെടിവച്ചത്.