മസ്കിന്റെ വിവാദ പദ്ധതിക്ക് തിരശീലയിട്ട് ട്രംപ് ഭരണകൂടം
ബാബു പി. സൈമൺ
Friday, August 8, 2025 5:41 PM IST
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ജീവനക്കാർക്കായി ഇലോൺ മസ്ക് കൊണ്ടുവന്ന വിവാദപരമായ "അഞ്ച് കാര്യങ്ങൾ' എന്ന പ്രതിവാര ഇമെയിൽ സംവിധാനം ട്രംപ് ഭരണകൂടം അവസാനിപ്പിച്ചു.
സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ തലവനായിരിക്കെ, ഓരോ ജീവനക്കാരനും തങ്ങളുടെ ആഴ്ചയിലെ ജോലിയെക്കുറിച്ചും അഞ്ച് പ്രധാന നേട്ടങ്ങളെക്കുറിച്ചും വിശദീകരിച്ച് ഇമെയിൽ അയക്കണമെന്ന് മസ്ക് നിർദേശിച്ചിരുന്നു.
ഓഗസ്റ്റ് അഞ്ചിന് പുറത്തിറക്കിയ പ്രസ്താവനയിൽ ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ് (ഒപിഎം) ഈ വിവാദപരമായ സംവിധാനം നിർത്തലാക്കുകയാണെന്ന് അറിയിച്ചു. "അഞ്ച് കാര്യങ്ങൾ” എന്ന പ്രക്രിയ ഇനി ഒപിഎം കൈകാര്യം ചെയ്യില്ലെന്നും ആഭ്യന്തരമായി ഇത് ഉപയോഗിക്കില്ലെന്നും ഏജൻസിയുടെ എച്ച്ആർ വിഭാഗം മേധാവികളെ അറിയിച്ചതായി ഒപിഎം ഡയറക്ടർ സ്കോട്ട് കൂപ്പർ പറഞ്ഞു.
ജീവനക്കാർ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ മാനേജർമാർക്ക് നിലവിൽ മറ്റ് നിരവധി മാർഗങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഇമെയിലിന് മറുപടി നൽകാത്ത ജീവനക്കാരെ രാജിവെച്ചതായി കണക്കാക്കുമെന്ന് മസ്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി അവസാനം വന്ന ഈ പ്രഖ്യാപനം വിവിധ വകുപ്പ് മേധാവികളിൽ നിന്ന് ശക്തമായ എതിർപ്പിന് കാരണമായി തീർന്നിരുന്നു.