ഫെഡറൽ ജീവനക്കാരെ പിരിച്ച് വിടാൻ തുടങ്ങി എന്ന് ട്രംപ്
ഏബ്രഹാം തോമസ്
Saturday, October 11, 2025 12:17 PM IST
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടും എന്ന ദിവസങ്ങളായി കേട്ട് വരുന്ന വാർത്തകൾക്കു ഉറപ്പുനൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിരിച്ചുവിടൽ ആരംഭിച്ചു കഴിഞ്ഞതായി അറിയിച്ചു.
ഹെൽത്ത് ആൻഡ് ഹൂമൻ സർവീസ്, ഹോംലാൻഡ് സെക്യൂരിറ്റി, ട്രഷറി, കോമേഴ്സ് എന്നീ വകുപ്പുകളിൽ നിന്നാണ് പിരിച്ചു വിടൽ ആരംഭിച്ചിരിക്കുന്നത്. ധാരാളം പേർ പിരിച്ചുവിടപ്പെട്ടിട്ടുണ്ടാകും, അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്ര പേരാണെന്ന് കൃത്യമായി അറിയിപ്പുണ്ടാകും എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഭരണകൂടം കുറഞ്ഞത് 4,100 ജീവനക്കാരുടെ ജോലി ഷട്ഡൌൺ കാലത്തു ഒഴിവാക്കും എന്ന് കോടതിയിൽ സമർപ്പിച്ച പുതിയ രേഖകൾ പറഞ്ഞു. പിരിച്ചു വിടൽ നേരിടുന്ന ജീവനക്കാരിൽ പലരും ഡെമോക്രറ്റുകൾക്കു പ്രിയപ്പെട്ട പദ്ധതികളിൽ പ്രവർത്തിച്ചവരോ, പ്രവർത്തിക്കുവാൻ പദ്ധതിയിട്ടവരോ ആണെന്ന് രേഖകൾ തുടർന്നു പറഞ്ഞു.
ഈ പദ്ധതികൾ ഡെമോകറ്റുകൾ ആഗ്രഹിച്ചവയാണെന്നും വ്യക്തമാക്കി. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുവാൻ പ്രസിഡന്റ് തയാറായില്ല. ആദ്യമായാണ് ഇത്രയധികം ഫെഡറൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത്.
കൂടുതൽ പിരിച്ചു വിടലുകൾ ഉണ്ടാകുമെന്നു കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഫെഡറൽ ഗവൺമെന്റ് പറഞ്ഞു. ആഴ്ചകളായി നീണ്ടു നിൽക്കുന്ന ഷട്ഡൗണിൽ ഡെമോക്രറ്റുകളുടെ ആവശ്യങ്ങളായ ഫെഡറൽ ഫണ്ടിംഗ് വർധനയും ഹെൽത്കെയർ സബ്സിഡി നിർത്തലാക്കാതിരിക്കലും അംഗീകരിക്കാനിടയില്ല എന്ന സൂചനയാണ് പിരിച്ചു വിടൽ നൽകുന്നത്.
ആയിരകണക്കിന് ഫെഡറൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ലേബർ യൂണിയനുകൾ ഈ കൂട്ട പിരിച്ചു വിടൽ ഉടനെ നടത്തരുതെന്ന് സാൻ ഫ്രാൻസിസ്കോയിലെ ഒരു ജഡ്ജിനോട് ആവശ്യപ്പെട്ടു.
ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റിനോട് ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഒക്ടോബര് 16 നു ജഡ്ജ് ഹിയറിംഗ് നടത്തുന്നതിന് മുൻപ് പിരിച്ചു വിടൽ നടത്തരുതെന്നാണ് ആവശ്യം.
എച്ച്എച്ച്എസ്, ഡിഎച്ച്എസ്, ഡിപ്പാർട്മെന്റ് ഓഫ് ഡിഫെൻസ്, ഡിപ്പാർട്മെന്റ് ഓഫ് അർബൻ ഡെവലൊപ്മെന്റ് എന്നിവ പിരിച്ചു വിടൽ തങ്ങളുടെ ജീവനക്കാരെ ബാധിക്കും എന്ന് പറഞ്ഞിരുന്നു. കോമേഴ്സ് ഡിപ്പാർട്മെന്റ് ജീവനക്കാരെയും പിരിച്ചു വിടും എന്നും കൂട്ടിച്ചേർത്തു.
ട്രെഷറി ഡിപ്പാർട്മെന്റിൽ ഉൾപ്പെടുന്ന ഇന്റേണൽ റെവന്യൂ സർവീസ് 1,300 ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഒരു വക്താവ് പറഞ്ഞു. ട്രെഷറി കമ്മ്യൂണിറ്റി ഡെവലൊപ്മെന്റ് ഫിനാൻഷ്യൽ ഇൻസിറ്റിറ്യൂഷൻസ് ഫണ്ടിലെ എല്ലാ ജീവനക്കാരെയും പിരിച്ചു വിടും എന്ന് മറ്റൊരു വക്താവ് പറഞ്ഞു.
എൻവിയോണ്മെന്റല് പ്രൊട്ടക്ഷൻ ഏജൻസി 20 മുതൽ 30 വരെ ജീവനക്കാരെ പിരിച്ചു വിടും എന്ന് അറിയിച്ചു. സെനറ്റിലെ ഭൂരിപക്ഷ പാർട്ടി നേതാവ് ജോൺ തൂണേ ലേ ഓഫുകൾക്കു കാരണക്കാർ ഡെമോക്രറ്റുകൾ ആണെന്ന് പറഞ്ഞു.
"അവരുടെ മിടുക്കു കാരണം വൈറ്റ് ഹാവ്സ് ഇപ്പോൾ പത്തു ദിവസമായി ലേ ഓഫിലാണ്'. കൂടുതൽ ഡെമോക്രറ്റുകൾ തങ്ങൾക്കൊപ്പം എത്തി ഗവർന്മേന്റിനു ആവശ്യമായ ഫണ്ടിങ്ങിനു സഹായിക്കും എന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കനുകൾ. മെയിനിൽ നിന്നുള്ള പ്രതിനിധി, സൂസൻ കോളിൻസ് (ഇവർ അപ്പ്രോപ്രിയേഷൻസ് പാനലിന്റെ നേതാവാണ്) വോട്ടിന്റെ നീക്കങ്ങളെ അപലപിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ നേതാവായി.
എന്നാൽ ഷട്ഡൗണിന്റെ യഥാർഥ കാരണക്കാർ ഡെമോക്രറ്റുകളാണെന്നു ഇവരും ആരോപിച്ചു. ചർച്ചകളില്ലാതെ നടത്തുന്ന ലേ ഓഫുകൾ മൂലം ഏജൻസികളിൽ ആവശ്യമായ ജീവനക്കാരില്ലാതെ വരുമ്പോൾ മെയ്നിലെയും രാജ്യം ഒട്ടാകെയുമുള്ള കുടുംബങ്ങൾക്ക് ഹാനികരം ആയിരിക്കും എന്ന് പറഞ്ഞു.
എന്നാൽ ഒരു ഷട്ഡൗണിൽ ലേ ഓഫുകൾക്കു വേണ്ടി പണം ചിലവഴിക്കുന്നത് നിയമ വിരുദ്ധമാണെന്നു ഡെമോക്രറ്റുകൾ പറഞ്ഞു. ഒരു പ്രസ്താവനയിൽ സെനറ്റിലെ ന്യുന പക്ഷ നേതാവ് ചക് ഷൂമെർ (ഡെമോക്രാറ്റ്) ലേ ഓഫുകൾ യു എസ് ഗവർണമെന്റ് ജീവനക്കാരോട് കാട്ടുന്ന കടുത്ത അനീതിയാണെന്ന് പറഞ്ഞു.
ഗവൺമെന്റ് ജീവനക്കാരുടെ മൂന്നിൽ രണ്ടു പേരും ജോലിയിൽ തുടരുകയാണ്-ആവശ്യമായവരായോ, ദീർഘ കാല ഫണ്ടിംഗ് ആവശ്യമായവരായോ. ബാക്കിയുള്ളവരെ പറഞ്ഞു വീട്ടിൽ വിട്ടു. ഭൂരിപക്ഷം ഫെഡറൽ ജീവനക്കാർക്കും ശമ്പളം ലഭിക്കുന്നില്ല.
ഈ വർഷമാദ്യം ഈ ലോൺ മസ്ക് നടത്തിയ (ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ എഫിഷ്യൻസിയിലൂടെ) പിരിച്ചു വിടലിനെയാണ് ഇപ്പോഴത്തെ നടപടികൾ ഓർമിപ്പിക്കുന്നത്. സ്വയം പിരിഞ്ഞു പോകൽ, റിടയർമെന്റ്, സ്വമേധയാ രാജി വയ്ക്കൽ, പ്രൊബേഷനറി ജീവനക്കാരെ പറഞ്ഞു വിടൽ എന്നിങ്ങനെയാണ് അന്ന് ജീവനക്കാർ കുറഞ്ഞത്.
ഏതാണ്ട് 1,50,000 ജീവനക്കാരെ ഇങ്ങനെ ഒഴിവാക്കി. പക്ഷെ പിന്നീട് ചിലർ കേസുകളിലൂടെയും മറ്റും തിരിച്ചു കയറി. സ്വന്തം താല്പര്യങ്ങൾ അത്യാവശ്യമായ സേവനങ്ങൾ എന്ന് വിശേഷിപ്പിച്ചു നില നിർത്തിയാണ് ട്രംപിന്റെ പിരിച്ചു വിടൽ എന്ന് ആരോപണമുണ്ട്.
ഡെമോക്രറ്റുകൾക്കു ഇത് അത്യധികം ക്ഷീണം ഉണ്ടാക്കും എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് പിരിച്ചു വിടൽ നടത്തുന്നത് എന്നും ആരോപണം തുടരുന്നു. എന്നാൽ കാലാകാലങ്ങളായി തുടർന്ന് വരുന്ന നിലപാടുകളാണ് ട്രംപും പിന്തുടരുന്നത് എന്ന വിശദീകരണവും അസ്ഥാനത്താവില്ല.