ഡാളസില്‍ 162 കിലോഗ്രാം ലഹരിമരുന്നുകളും വൻ തുകയും ആയുധവും പിടിച്ചെടുത്തു
പി.പി. ചെറിയാൻ
Saturday, October 11, 2025 3:24 PM IST
ഡാളസ്: വെസ്റ്റ് ഓക്ക് ക്ലിഫ് ഭാഗത്ത് ഡാളസ് പോലീസ് നടത്തിയ റെയ്ഡിൽ 162 കിലോഗ്രാം മെത്ത്അംഫെറ്റാമിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും വൻ തുകയും ആയുധവും പിടിച്ചെടുത്തു. ഈ മാസം ആദ്യവാരം നടന്ന ഈ റെയ്ഡുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ലഹരിമരുന്ന് കടത്തുകാരനെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പടിഞ്ഞാറൻ പട്രോൾ ടീം ഒരു ട്രാഫിക് സ്റ്റോപ്പിനിടെ വാഹനം പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ശേഖരവും ഒരു ലക്ഷം ഡോളർ തുകയും ഒരു തോക്കും കണ്ടെത്തിയത്.
160 കിലോയ്ക്ക് മുകളിൽ ലഹരിമരുന്ന് പിടികൂടുന്നത് വലിയൊരു വിജയം തന്നെയാണ് എന്ന് ഡെപ്യൂട്ടി ചീഫ് കൈലി ഹോക്സ് പ്രതികരിച്ചു. കുറ്റകൃത്യം കുറയ്ക്കുന്നതിൽ സമൂഹ സഹായം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.