ടെന്നസിയിലെ സ്ഫോടകവസ്തു പ്ലാന്റ് സ്ഫോടനത്തിൽ തകർന്നു; നിരവധിപ്പേർ മരിച്ചു
പി.പി. ചെറിയാൻ
Saturday, October 11, 2025 12:30 PM IST
ടെന്നസി: മെക്ക്വെൻ നഗരത്തിൽ വെള്ളിയാഴ്ച സ്ഫോടകവസ്തു നിർമാണ പ്ലാന്റിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധിപ്പേർ മരിച്ചു. മിലിട്ടറിക്കായി സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും നിർമിക്കുന്ന അക്യുറേറ്റ് എനർജെറ്റിക് സിസ്റ്റംസ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്.
പ്ലാന്റ് പൂർണമായി തകർന്നതായി ഹംഫ്രിസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് പറഞ്ഞു. രാവിലെ 7.45ഓടെയാണ് സ്ഫോടനമുണ്ടായത്. നാഷ്വില്ലെയിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ അകലെയുള്ള ഈ എട്ട് കെട്ടിടങ്ങളുള്ള കോമ്പൗണ്ട് പൂർണമായും തകർന്നു.
സ്ഫോടനത്തിന്റെ ശബ്ദവും പ്രകമ്പനവും കിലോമീറ്ററുകൾ അകലെ വരെ ആളുകൾക്ക് അനുഭവപ്പെട്ടു. വീടുകൾ തകർന്നതുപോലെയാണ് തനിക്ക് തോന്നിയതെന്ന് സമീപവാസികൾ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
തുടക്കത്തിൽ തുടർച്ചയായ സ്ഫോടനങ്ങൾ കാരണം രക്ഷാപ്രവർത്തകർക്ക് പ്ലാന്റിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മിലിട്ടറിക്കായി സി4 ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും നിർമിക്കുന്ന സ്ഥാപനമാണിത്. തൊഴിലാളികളുടെ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 2019ൽ സ്ഥാപനത്തിനെതിരേ യുഎസ് തൊഴിൽ വകുപ്പ് പിഴ ചുമത്തിയിരുന്നു.