കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസം; "കഫാല' സമ്പ്രദായം നിർത്തലാക്കി സൗദി
Wednesday, October 22, 2025 12:29 PM IST
റിയാദ്: ലക്ഷക്കണക്കിനു വിദേശ തൊഴിലാളികളുടെ ജീവിതത്തെയും അവകാശങ്ങളെയും നിയന്ത്രിച്ചിരുന്ന തൊഴിൽനിയമമായ "കഫാല' സന്പ്രദായം നിർത്തലാക്കി സൗദി. 2025 ജൂണിലാണ് ഭരണകൂടം ഇക്കാര്യം പ്രഖ്യാപിച്ചത്.
തീരുമാനം രാജ്യത്തെ കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴിൽ അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പാണ്. "കഫാല' പ്രകാരം തൊഴിലുടമകൾക്ക് ജീവനക്കാരിൽ പൂർണ നിയന്ത്രണം ഉണ്ടായിരുന്നു.
തൊഴിലാളികൾക്ക് ജോലി മാറാനോ, രാജ്യം വിടാനോ, നിയമസഹായം തേടാനോ കഴിയുമോ എന്ന് തീരുമാനിച്ചിരുന്നത് തൊഴിലുടമ മാത്രമായിരുന്നു. 1950-ലാണ് കഫാല നടപ്പാക്കുന്നത്. വിദേശതൊഴിലാളികളുടെ വരവിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനാണ് ഈ സംവിധാനം കൊണ്ടുവരുന്നത്.
ഓരോ കുടിയേറ്റ തൊഴിലാളിയും പ്രാദേശിക സ്പോൺസറുടെ കീഴിലായിരിക്കും. "കഫീൽ' എന്നറിയപ്പെടുന്ന ഇവർക്ക് തൊഴിലാളിയുടെ താമസം, ജോലി, നിയമപരമായ അവകാശങ്ങൾ തുടങ്ങിയവയിൽ അധികാരമുണ്ടായിരുന്നു.
"കഫാല' സമ്പ്രദായം പിന്നീട് "ആധുനിക അടിമത്ത'മായി മാറുകയായിരുന്നു. തൊഴിലാളികളുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുകയും ചൂഷണങ്ങൾക്കിരയാകുകയും ചെയ്തിരുന്നു.
ഏകദേശം 13.4 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ സൗദിയിൽ ഉണ്ടെന്നാണ് കണക്ക്. ഇത് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 42 ശതമാനമാണ്.