ഇതൊരു പച്ചയായ കബളിപ്പിക്കൽ
Friday, December 7, 2018 10:56 PM IST
ഓഖി ദുരന്തത്തിന്റെ ഒന്നാം വാർഷികാസ്മൃതി കടന്നുപോകുന്പോഴും ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ ധനസഹായ വിതരണത്തിൽ കൈക്കൊണ്ട സർക്കാർ തന്ത്രം ഒരു ദുഃഖകഥയായി അവശേഷിക്കുന്നു. ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരിച്ചവർക്ക് സർക്കാർ നൽകിയ ധനസഹായം അവരുടെ പേരിൽ ട്രഷറിയിൽ അഞ്ചുവർഷത്തേക്ക് സ്ഥിരനിക്ഷേപം ചെയ്തിരിക്കുകയാണ്. അതായത് ഈ ധനസഹായം അവരുടെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ ഇതുവരെ അവർക്ക് കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ ആവശ്യത്തിലേക്ക് ഉപയോഗിച്ചുകൊണ്ടുമിരിക്കുന്നു.
ഓഖി ദുരന്തത്തിന് ഇരയായ എന്റെ അറിവിലുള്ള ഒരാളുടെ ഭാര്യ മകളുടെ വിവാഹാവശ്യത്തിന് വട്ടിപ്പലിശയ്ക്കു പണം കടമെടുത്തു. അതിന്റെ പലിശ കൊടുക്കാനും വീട്ടുചെലവുകൾക്കുമായി അവർ ഇപ്പോൾ ചന്തയിൽ മത്സ്യവിൽപ്പനയ്ക്കായി പോകുന്നു. പറഞ്ഞത് ഓഖി ദുരിതാശ്വാസ സഹായധനം കൈയിൽ കിട്ടിയിരുന്നെങ്കിൽ എല്ലാ ബാധ്യതകളും തീർത്ത് ആരോഗ്യമുള്ള കാലത്തോളം തൊഴിലെടുത്ത് സ്വസ്ഥമായി ജീവിക്കാമായിരുന്നു എന്നാണ്.
സർക്കാരിന്റെ തന്ത്രപരമായ നീക്കത്തിലൂടെ ഓഖി ദുരന്തഫണ്ടുകൊണ്ടു ട്രഷറിയെ സജീവമാക്കി നിർത്താൻ കഴിയുകയും സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ട് കൊടുത്തതായി വരുത്തിത്തീർക്കുകയും ചെയ്തിരിക്കുന്നു. ഇതിലൂടെ ഓഖി ദുരന്തത്തിലെ കുടുംബങ്ങൾ കടുത്ത സാന്പത്തിക ദുരിതം അനുഭവിച്ചുകൊണ്ടുമിരിക്കുന്നു. മാത്രമല്ല, ഈ അഞ്ചു വർഷം കഴിഞ്ഞുവരുന്ന സർക്കാരിന്റെ കാലത്ത് ഈ ഫിക്സഡ് ഡിപ്പോസിറ്റുകൾ മുഴുവൻ ഒരേ സമയം പിൻവലിക്കുകയും അപ്പോൾ ട്രഷറി സാന്പത്തിക പ്രതിസന്ധിയിലെത്തുന്ന അവസ്ഥയുമാണ് സംജാതമാകാൻ പോകുന്നത്.
എം. ജോൺസൺ റോച്ച്, അടിമലത്തുറ, ചൊവ്വര