കർഷകരെ പഴിചാരണ്ട
Wednesday, August 28, 2019 10:51 PM IST
ആഗോള താപന വിളവെടുപ്പ് എന്ന പേരിൽ ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖനം ആനുകാലിക പ്രാധാന്യം ഉൾക്കൊള്ളുന്നതായിരുന്നു. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളെ കൂട്ടുപിടിച്ച് യഥാർഥ കാരണങ്ങൾ അന്വേഷിക്കാതെയും അഥവാ കണ്ണടച്ചും സമയം കളയുന്ന സമീപനങ്ങൾ ഒരു ഫലവും സൃഷ്ടിക്കുന്നില്ല എന്നു വ്യക്തമാക്കുന്ന ഈ പഠനം ഗൗരവത്തിലെടുക്കേണ്ടതുണ്ട്.
പ്രകൃതിയുടെ നേർക്കു മനുഷ്യൻ ചെയ്യുന്ന കടന്നാക്ക്രമണങ്ങൾ കാണാൻ വാഗമണ്ണിലേക്ക് പോയാൽ മതി. കുരങ്ങിനു മാത്രം കയറാൻ കഴയുന്ന കരിങ്കൽ ശൃംഗങ്ങളിൽ ജെസിബി എന്ന് പരക്കെ പറയുന്ന യന്ത്രകരം കയറിപ്പറ്റി ഇളക്കിമറിക്കുന്നു. പ്രകൃതിയുടെ വരദാനമായ മൊട്ടക്കുന്നുകളും ചെലവില്ലാതെ അനുഭവിക്കാൻ കഴിയുന്ന സുഖശീതളിമയും നിലനിൽപ്പുഭീഷണി നേരിടുന്നു. കന്നുകാലികളും മനുഷ്യരും മാത്രം സഞ്ചരിച്ചിരുന്ന പുൽമേടുകൾ സ്വകാര്യസ്വത്തുക്കളും റിസോർട്ടുകളുമായി മാറിയാൽ അവിടെ നാഗരീകതയാണ് ഉളവാകുക. പ്രകൃതിയെ പച്ചപുതപ്പിക്കുന്ന കാർഷികവൃത്തിയെ തടയാതെ സ്വാർഥതയുടെ കൈയേറ്റ പ്രവണതകളെയാണ് പിടിച്ചുകെട്ടേണ്ടത്.
പി.സി. തോമസ്, ഏറ്റുമാനൂർ