ഒരു പെൻഡുലം കഥ
Tuesday, September 3, 2019 11:23 PM IST
ഒരു പഴയ കഥ: പല വീടുകളിലും അക്കാലത്ത് ഉണ്ടായിരുന്നതുപോലെ ഗ്രാമീണനായ ഒരു കർഷക വൃദ്ധന്റെ വീട്ടിലും പെൻഡുലം ഉള്ള ഒരു ക്ലോക്ക് ഉണ്ടായിരുന്നു. ആ ക്ലോക്കിന്റെ മണിയടി ശബ്ദം കേട്ടാണു വൃദ്ധൻ രാവിലെ മുതലുള്ള തന്റെ എല്ലാ പ്രവർത്തനങ്ങളും ഏറെ കൃത്യനിഷ്ഠയോടു കൂടി ചെയ്തുപോന്നത്.
പെട്ടെന്നൊരു ദിവസം വൃദ്ധനെ ഏറെ ദുഃഖിപ്പിച്ചുകൊണ്ടു ക്ലോക്കിന്റെ മണിയടി ശബ്ദം നിലച്ചു. സദാ ആടിക്കൊണ്ടിരുന്ന പെൻഡുലം ആട്ടം നിർത്തി. സൂചികൾ ചലിക്കാതെയായി. ക്ലോക്കിന്റെ അവസ്ഥ കണ്ട വൃദ്ധൻ വിചാരിച്ചു, അതിന്റെ പെൻഡുലത്തിനെന്തോ വലിയ കേടു പറ്റിയിട്ടുണ്ട്. അതിനാലാണ് പെൻഡുലം ആടാത്തത്. പെൻഡുലം ആടാത്തതിനാലാണ് മണി അടിക്കാത്തതും സൂചി കറങ്ങാത്തതും. അതിനാൽ ഉടൻ തന്നെ പെൻഡുലം നന്നാക്കണം.
ക്ലോക്കിൽനിന്ന് ഉൗരിയെടുത്ത പെൻഡുലവുമായി വൃദ്ധൻ തനിക്കു പരിചയമുള്ള ഒരു ക്ലോക്കു റിപ്പയറുടെ അടുത്തെത്തി. പെൻഡുലം അയാളെ കാണിച്ചുകൊണ്ടു വൃദ്ധൻ പറഞ്ഞു: എന്റെ ക്ലോക്കിന്റെ പെൻഡുലത്തിന് എന്തോ കേടുപറ്റി! ഇന്നുരാവിലെ മുതൽ ഇത് അനങ്ങുന്നില്ല. ക്ലോക്കും പ്രവർത്തിക്കാതെയായി. മണി അടിയും നിലച്ചു. അതുകൊണ്ട് ഈ പെൻഡുലം നന്നാക്കിത്തരണം.
വൃദ്ധന്റെ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ ചിരി പുറത്തു കാണിക്കാതെ നന്നാക്കുകാരൻ പറഞ്ഞു: പെൻഡുലത്തിനു കേടുപറ്റിയതു കൊണ്ട ല്ലമ്മാവാ ക്ലോക്ക് പ്രവർത്തിക്കാത്തത്. ക്ലോക്കിന്റെ അകത്തുള്ള പ്രധാനപ്പെട്ട ഭാഗങ്ങളിൽ ചിലതിന് എന്തൊക്കെയോ കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ട്. അതാണ് പ്രശ്നം. അതു നന്നാക്കുന്പോൾ ക്ലോക്കിന്റെ പെൻഡുലം ആടിക്കൊള്ളും. അപ്പോൾ മണി അടി ശബ്ദവും ഉണ്ടാകും. അതുകൊണ്ട് ആ ക്ലോക്ക് മുഴുവനായി എടുത്തുകൊണ്ടുവരിക. അപ്പോൾ കുഴപ്പങ്ങൾ കണ്ടുപിടിച്ച് നന്നാക്കിത്തരാം.
മണ്ടത്തരം മനസിലാക്കിയ വൃദ്ധൻ ക്ലോക്ക് എടുക്കാനായി വീട്ടിലേക്കു മടങ്ങി.
ഇപ്പോഴത്തെ വിദ്യാർഥി സമൂഹത്തിലെ ചിലരുടെ ചില പ്രവൃത്തികളെക്കുറിച്ചു കേൾക്കുന്പോൾ ആ പഴയ പെൻഡുലം കഥ ഓർമിച്ചുപോയതാണ്. കുട്ടിനേതാക്കളിലെ ചില കൊച്ചു തെമ്മാടികൾ കാന്പസിനകത്തും പുറത്തും ധാർഷ്ട്യത്തോടെ കാട്ടിക്കൂട്ടുന്ന കാട്ടാളത്തരങ്ങൾ നിരവധിയാണ്. സഹപാഠിയെ പിടിച്ചുനിർത്തി കുത്തിക്കൊല്ലാൻ ശ്രമിക്കുക, മരിക്കാത്ത ഗുരുഭൂതരുടെ മൃതസംസ്കാരം പ്രതീകാത്മകമായി നടത്തുക, അധ്യാപകരുടെ കസേര കത്തിക്കുക തുടങ്ങിയ ഹീനകൃത്യങ്ങൾ അതിൽ ഉൾപ്പെടുന്നു.
ഇത്തരം നീചകൃത്യങ്ങൾ ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ട് എന്ന മട്ടിലാണ് അവർ വികൃതികൾ ചെയ്തു കൂട്ടുന്നത്.
നമ്മുടെ കുട്ടികളിൽ ചുരുക്കം ചിലർ ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണ്? അവരുടെ മാത്രം കുഴപ്പങ്ങൾ കൊണ്ടാണോ? അവരെ എങ്ങനെ നന്നാക്കിയെടുക്കാൻ കഴിയും?
ക്ലോക്കിന്റെ പെൻഡുലത്തിനുണ്ടായ കുഴപ്പത്തിന്റെ യഥാർഥ കാരണം പെൻഡുലത്തിന്റേതല്ല. കുട്ടി രാഷ്ട്രീയക്കാരിൽ ചിലരിൽ നിന്നു മോശമായ ചില പ്രവൃത്തികൾ ഉണ്ടാകുന്നത് അവരുടെ മാത്രം കുഴപ്പം കൊണ്ടല്ല. അവരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ചില വലിയ നേതാക്കളുടെ കുഴപ്പങ്ങൾകൊണ്ടാണ്. അവരെ നന്നാക്കിയാലേ ചില കുട്ടിനേതാക്കളിൽ നിന്നുണ്ടാകുന്ന പല ഹീനപ്രവൃത്തികളും ഇല്ലാതാവുകയുള്ളൂ.
ഡോ. കുര്യൻ ചെറുശേരി
സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മൈലക്കൊന്പ്, തൊടുപുഴ