പൂച്ചയ്ക്കാരു മണി കെട്ടും?
Sunday, October 13, 2019 1:23 AM IST
പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഗുണദോഷങ്ങൾ എണ്ണിയെണ്ണിപ്പറയുന്ന പരന്പര ജനോപകാരപ്രദമാണ്. പക്ഷേ, ജനങ്ങൾ ഇന്നും പഴയ ശീലം തുടരാൻ ഇഷ്ടപ്പെടുന്നു എന്നു വേണം കരുതാൻ. ഇത്രയും കാലം ഉപയോഗിച്ചിട്ടും തനിക്ക് ഒരു കുഴപ്പവും ഉണ്ടായില്ല എന്നതാണ് ഓരോരുത്തരുടെയും മനസിൽ. പല വീടുകളിലും ഇത്തരം മാലിന്യങ്ങൾ കത്തിക്കുന്നു. അവരിൽത്തന്നെ പലരും സ്വന്തം മുറ്റത്ത് കത്തിക്കാതെ, വീടിനു മുന്നിലെ റോഡുവക്കിലാണ് കത്തിക്കുന്നത്. അപ്പോൾ, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വിഷമിക്കുന്നവർ കൂടുതൽ ദുരിതം അനുഭവിക്കുന്നു.
കാരിബാഗുകൾ നിരോധിച്ചതുകൊണ്ടു മാത്രം പ്ലാസ്റ്റിക് മാലിന്യം ഒഴിവാകുന്നില്ല. ഏതു കടയിൽ ചെന്നാലും പ്ലാസ്റ്റിക് കവറിൽ പായ്ക്കു ചെയ്ത ഉത്പന്നങ്ങളേ ലഭിക്കൂ. അലോപ്പതി, ആയുർവേദ മരുന്നുകൾ പോലും പ്ലാസ്റ്റിക് കുപ്പികളിലാണ് ലഭിക്കുന്നത്. ഏതു ജീവിതമണ്ഡലത്തിലായാലും മനുഷ്യനെ പ്ലാസ്റ്റിക് വരിഞ്ഞു മുറുക്കുകയാണ്.
ചെറുതും വലുതുമായ ഹോട്ടലുകളിൽ ആഹാര സാധനങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ ചൂടോടെ പൊതിഞ്ഞുനല്കുന്നു. കാറ്ററിംഗ് സർവീസ് നടത്തുന്ന ഹോട്ടലുകളിൽ പാലട നല്ല ചൂടോടെ പ്ലാസ്റ്റിക് കവറിൽ പായ്ക്ക് ചെയ്ത് വില്പനയ്ക്ക് വയ്ക്കുന്നു. വാങ്ങുന്നവർ, പായസം ഇങ്ങനെ നല്കുന്നതിന്റെ ദൂഷ്യഫലത്തക്കുറിച്ച് വേവലാതിപ്പെടുന്നില്ല. വാങ്ങിക്കൊണ്ടു പോകാനുള്ള സൗകര്യം മാത്രമാണ് അവർ പരിഗണിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്. നല്ലകാര്യം. മിക്ക ഗ്രാമപ്പഞ്ചായത്തുകളും രഹസ്യകാമറ സ്ഥാപിച്ച് ഇത്തരം നിയമലംഘനം കണ്ടുപിടിക്കാൻ ഉത്സാഹം കാണിക്കുന്നു. അതും നല്ലതു തന്നെ.
പഞ്ചായത്ത് രാജ് നിയമങ്ങളെപ്പറ്റിയും ചട്ടങ്ങളെപ്പറ്റിയുമുള്ള, പൊതുജനത്തിനുള്ള അജ്ഞത ഗ്രാമപ്പഞ്ചായത്ത് അധികാരികൾക്ക് അനുഗ്രഹമാണ്.
നിയമം മൂലം തങ്ങളിൽ നിക്ഷിപ്തമായ കടമകൾ ഗ്രാമപഞ്ചായത്ത് നിർവഹിച്ചുവോയെന്ന്, അന്വേഷിക്കാൻ അധികാരമുള്ളവർ, അന്വേഷിക്കുന്നുണ്ടോ? ആദ്യമേ ചെയ്യേണ്ടത് ചെയ്തതിനു ശേഷം പോരേ പാവം പൊതുജനത്തിന്റെ മുതുകിൽ കയറാൻ?
പൊതു ജനത്തെ വില്ലൻ സ്ഥാനത്ത് നിർത്തുന്ന ഇന്നത്തെ നയം തിരുത്തിയേ തീരൂ.
കുരിയൻ വാഴപ്പിള്ളി, പ്രതിഭനഗർ,കല്മണ്ഡപം, പാലക്കാട്.