ശന്പളപരിഷ്കരണം: സർക്കാർ ജീവനക്കാർക്കും പറയാനുണ്ട്
Tuesday, November 5, 2019 11:02 PM IST
സാധാരണ ഇടത്തരം കുടുംബത്തിൽ ജനിച്ചു പരീക്ഷ പാസായി ജോലി നേടിയവരാണു ഞാനുൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും. ഒരു സർക്കാർ ഓഫീസിന്റെയും ഓടുപൊളിച്ച് ഇറങ്ങാനുള്ള രാഷ്ട്രീയ സ്വാധീനവും ഇല്ല. ഞങ്ങളുടെ വരുമാനമാണ് പച്ചക്കറി, മീൻ, പലചരക്കു കടക്കാർക്കും ഓട്ടോ, പത്രം, സ്കൂൾ ഫീസ്, പള്ളിപ്പിരിവ്, അന്പലപ്പിരിവ്, രാഷ്ട്രീയ സംഭാവന എന്നിവയ്ക്കുമൊക്കെ കൃത്യമായി നൽകുന്നത്. തിരുവനന്തപുരത്തു പണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ നീണ്ട സമരം വന്നപ്പോൾ ആഹ്ലാദിച്ച (ഡയസ്നോൺ) ഇതര തൊഴിലാളികൾ പിന്നെയതു നിർത്താൻ നടപടിയെടുക്കണം എന്നു സർക്കാരിനോട് അപേക്ഷിക്കേണ്ടിവന്നു. കാരണം മീൻ വാങ്ങാനും പച്ചക്കറി വാങ്ങാനും ഓട്ടോയിൽ കയറാനും ആളില്ല.
ശന്പളത്തിൽനിന്നു ടാക്സ്, വിദ്യാഭ്യാസ സെസ് എന്നൊക്കയായി പലതും പിടിക്കുന്നുണ്ട്. എത്ര കൂടുതൽ വന്നാലും അതിൽ നല്ല ശതമാനം ടാക്സ് ആയി പോകും. അല്ലാതെ കുന്നുകൂട്ടിവയ്ക്കാനുള്ള മിച്ചംവരില്ല. പണം ഉപയോഗിക്കുന്പോൾ വ്യാപാരമേഖലയിലെ ജോലിക്കാരുടെ ജോലി പോകാതെയും കട പൂട്ടാതെയും കഴിക്കാം.
ടാറ്റയുടെയും ബിർളയുടെയും മക്കളല്ല സർക്കാർ ജോലിയിൽ വരുന്നത് എന്നു മനസിലാക്കുക. ഈ ജോലിക്കാരെ എല്ലാം സർക്കാർ പിരിച്ചുവിട്ടാൽ ഇതൊന്നുമില്ലാത്ത സാധാരണക്കാർ തൃപ്തരാകുമോ?
ആശ, തിരുവനന്തപുരം