കർഷകരെ കൈവിടരുത്
Friday, November 29, 2019 1:29 AM IST
പ്രളയ കൃഷിനാശത്തെത്തുടർന്നു 21 കർഷകർ ജീവനൊടുക്കിയ വാർത്ത കേരളീയർക്കു തീരാദുഃഖമാണ്. ദാരിദ്ര്യത്തിലും കടക്കെണിയിലും ഓരോ നിമിഷവും നീറിനീറി കഴിയുന്നവരുടെ ദുഃഖം വിവരണാതീതമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, പ്രായമായ മാതാപിതാക്കളുടെ ചികിത്സച്ചെലവുകൾ, കൃഷിച്ചെലവുകൾ തുടങ്ങിയവയൊക്കെ സാന്പത്തിക ക്ലേശമനുഭവിക്കുന്നവർ നമ്മുടെ നാടിന്റെ അടിസ്ഥാന വർഗമായ കർഷകരാണെന്നു നാം വിസ്മരിക്കരുത്. മുഴുവൻ കർഷകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സാന്പത്തിക ഞെരുക്കത്തിൽ കഴിയുന്ന സർക്കാരിനെക്കൊണ്ടാവില്ലല്ലോ.
സാന്പത്തിക ക്ലേശമനുഭവിക്കുന്നവരെ സഹായിക്കാൻ സാന്പത്തിക ഭദ്രതയുള്ള സമൂഹത്തിനു കടമയില്ലേ? കർഷകരുടെ പ്രതിസന്ധികളിൽ, അവരെ സ്വന്തം സഹോദരീസഹോദരന്മാരായിക്കണ്ടു കാരുണ്യത്തോടെ പ്രവർത്തികൾ ചെയ്താൽ അതൊരു പുതിയ തുടക്കമാകും. നമ്മുടെ ശരീരത്തിലെ അനേകം അവയവങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ ശരീരത്തിന്റെ നിലനില്പിനാവശ്യമായതുപോലെ വ്യത്യസ്ത സമൂഹങ്ങളുടെ ഒത്തൊരുമയോടെയുള്ള സഹകരണം സമൂഹത്തിന്റെ നിലനില്പിനും ഒഴിച്ചുകൂടാനാവാത്തതാണ്.
ജോസ് കൂട്ടുമ്മേൽ, കടനാട്