കൃഷിഭവനുകളുടെ പ്രവർത്തനം ജനകീയമാക്കണം
Thursday, December 5, 2019 11:26 PM IST
കാർഷികമേഖലയെയും കർഷകരെയും അഭിവൃദ്ധിപ്പെടുത്താനുദ്ദേശിച്ച് പ്രവർത്തിക്കുന്ന കൃഷിഭവനുകളുടെ പൊതുവായ രീതി അങ്ങോട്ട് ആശ്രയിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നവരെ മാത്രം സഹായിക്കുക എന്നുള്ളതാണ്.
കൃഷിപ്പണികളും ജീവിതത്തിരക്കുകളുംകൊണ്ട് കൃഷിഭവനുകളിൽ ചെല്ലാൻ കഴിയാത്ത കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഗ്രാമപഞ്ചായത്തുകൾ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതിയിലൂടെ കാർഷിക മേഖലയിൽ ആവിഷ്കരിക്കുന്ന പദ്ധതിക്കുള്ള അപേക്ഷാഫോമുകൾ തന്നെ യഥാർഥ കർഷകർക്കു കിട്ടാത്തതും ആനൂകൂല്യങ്ങൾ അനർഹർക്കും ഇടനിലക്കാർക്കും ലഭിക്കുന്നതുമായ അനുഭവവുമുണ്ട്.
എന്നാൽ, കർണാടക, തമിഴ്നാട് സർക്കാരുകൾക്കു കീഴിലുള്ള കൃഷിഭവനുകൾ കർഷകരുടെ പക്കൽ നേരിട്ടെത്തി സഹായപദ്ധതികൾ നൽകുന്ന രീതിയുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഈ സമീപനം നമ്മുടെ കൃഷി ഭവനിലും പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ കർഷകർക്ക് അത് ഏറെ പ്രയോജനപ്രദമാവും.
രാജേന്ദ്രൻ വയല, അടൂർ