വിനോദയാത്ര വിനയായിത്തീരാതിരിക്കണമെങ്കിൽ
Monday, December 9, 2019 12:21 AM IST
സ്കൂൾ വിനോദയാത്രകളോടനുബന്ധിച്ച് ഏതാനും സ്കൂളുകളിലെ വിദ്യാർഥികളും അവരെ കൊണ്ടുപോകാനുള്ള ബസുകാരുമൊക്കെ ഈയിടെ കാട്ടിക്കൂട്ടിയ അനഭിലഷണീയമായ ചില നടപടികളെപ്പറ്റി മാധ്യമങ്ങളും പൊതുജനവും ചർച്ച ചെയ്യുന്ന ഈ ദിവസങ്ങളിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയ്ക്കായി ചില സുപ്രധാന കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ ശ്രമിക്കുകയാണിവിടെ. 15, 16 വയസ് പ്രായത്തിന്റെ, അതായത് പ്ലസ് വൺ, പ്ലസ് ടു കാലഘട്ടത്തിൽ കുട്ടികളിൽ ഒരു മായാലോകം അനാവരണം ചെയ്യപ്പെടുകയാണ്. ബാല്യത്തിന്റെ കുതൂഹലത തീർത്തു വിട്ടുമാറിയിട്ടുമില്ല എന്നാൽ പിറക്കാൻപോകുന്ന യൗവനത്തിന്റെ ആവേശം തലയ്ക്കുപിടിക്കാൻ തുടങ്ങുകയും ചെയ്ത പക്വതയില്ലാത്ത ഒരെടുത്തുചാട്ടത്തിന്റെ പാതയിലാണവർ എത്തിനിൽക്കുന്നത്. അധ്യാപകർ സ്നേഹത്തോടും ഏറെ പക്വതയോടുംകൂടി ഇടപെടേണ്ട ഒരു പ്രായത്തിലാണവർ.
വിനോദയാത്രകളിൽ അധ്യാപകരുടെ ഉത്തരവാദിത്വം രണ്ടു തലങ്ങളിലായാണ് വരുന്നത്. ഒന്ന് കുട്ടികളുടെകൂടെ സ്നേഹത്തോടെ ഇടപെടുന്ന ഒരു സുഹൃത്തും ഒപ്പം അവർ നിലവിട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന രക്ഷാകർത്താവുമായി ഒരു ഡബിൾ റോളിലാണ് അധ്യാപകൻ. ആദ്യത്തേത് യാത്ര കുട്ടികൾക്കു പരമാവധി ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായിത്തീരാൻവേണ്ടിയാണ്. രണ്ടാമത്തേതാകട്ടെ അവരുടെ സുരക്ഷയേയും മാന്യമായ പെരുമാറ്റത്തേയും കരുതിയും. ഈ രണ്ടുതലങ്ങളിലും ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥ വേണംതാനും.
മിക്ക പഠനയാത്രകളിലും ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടാവും. ചില കുട്ടികൾ തമ്മിലുള്ള ഇടപെടലുകൾ പരിധിവിടുന്ന അവസരങ്ങളുമുണ്ടാവാം. അപ്പോൾ സ്നേഹം മാറ്റിവച്ച് അധ്യാപകൻ കർക്കശക്കാരനാകേണ്ടി വരും. സ്നേഹത്തോടും അധികാരസ്വരത്തിലും പറഞ്ഞാൽ കുട്ടികൾ അനുസരിച്ചിരിക്കും. അധ്യാപകർ നല്ല മാതൃകകൾ ആയിരിക്കണമെന്നുമാത്രം.
പ്രഫ. ജോസഫ് ജെ. മുറികല്ലേൽ, പാലാ