സഹകരണ വകുപ്പിലെ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കണം
Saturday, December 14, 2019 12:21 AM IST
കേരളത്തിലെ വളർച്ചയ്ക്കു വളരെയേറെ ഗുണപരമായ സംഭാവനകൾ നൽകിയ ഒരു പ്രസ്ഥാനമാണല്ലോ സഹകരണ പ്രസ്ഥാനം. കേരളത്തിലെ ഗ്രാമീണ പ്രദേശങ്ങളിലും പട്ടണപ്രദേശങ്ങളിലും ജനങ്ങളുടെ സാന്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം നേടുന്നതിനു സഹകരണ പ്രസ്ഥാനത്തിനു കഴിയുന്നുണ്ട്.
കേരളത്തിലെ സഹകരണ മേഖല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായി വളർന്നുകൊണ്ടിരിക്കുന്നു. വട്ടിപ്പലിശക്കാരുടെയും പുത്തൻ തലമുറ ധനകാര്യ സ്ഥാപനങ്ങളുടെയും ചൂഷണത്തിൽനിന്നു രക്ഷപ്പെടുന്നതിനു കേരളത്തിലെ സഹകരണവകുപ്പ് ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഫലപ്രദമായ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് കേരള സഹകരണ വകുപ്പിലെ ജീവനക്കാരാണ്. കേരളത്തിലെ ഹ്രസ്വ മധ്യകാല വായ്പാ രംഗത്ത് നിലവിലുള്ള ത്രിതല സംവിധാനം മാറ്റി പകരം ദ്വിതല സംവിധാനം നടപ്പിലാക്കണമെന്ന ശ്രീറാം കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരണവുമായി സർക്കാർ മുന്പോട്ടുപോകുകയാണ്.
ഇതിന്റെ ഭാഗമായി സംസ്ഥാന സഹകരണ ബാങ്കിലും 14 ജില്ലാ സഹകരണ ബാങ്കുകളിലും കണക്കുകൾ ഓഡിറ്റ് ചെയ്യുന്ന 15 ജോയിന്റ് ഡയറക്ടർമാർ ഉൾപ്പെടെയുളള 46 ഓഡിറ്റർമാരുടെയും വായ്പ കുടിശിക പിരിച്ചെടുക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഒരു ജോയിന്റ് രജിസ്ട്രാർ, ഏഴു ഡെപ്യൂട്ടി രജിസ്ട്രാർ, 15 അസിസ്റ്റന്റ് രജിസ്ട്രാർ ഉൾപ്പെടെയുള്ള 43 ഓഫീസർമാർ ഉൾപ്പെടെ ആകെ 79 തസ്തികകൾ കേരള ബാങ്ക് രൂപീകൃത മാകുന്പോൾ വകുപ്പിന് നഷ്ടപ്പെടുമെന്നാണ് ആശങ്ക.
ഈ നിലയ്ക്കാണ് അർബൻ ബാങ്കുകളിൽ സഹകരണ വകുപ്പിനുളള നിയന്ത്രണം എടുത്തുകളഞ്ഞ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാത്രം നിയന്ത്രണത്തിലാക്കുന്നതിനുളള നടപടിയുമായി റിസർവ് ബാങ്കും മുന്നോട്ടുപോകുന്നത്.
കേരളത്തിലെ അർബൻ ബാങ്കുകളിൽ അസിസ്റ്റന്റ് ഡയറക്ടർമാർ തുടങ്ങി 100 ൽപരം സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഓഡിറ്റർമാരായ സെയിൽ ഓഫീസർമാരായും ജോലി ചെയ്തുവരുന്നു. റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണത്തിൽ അർബൻ ബാങ്കുകൾ വരുന്നതോടുകൂടി സഹകരണവകുപ്പിലെ മേൽത്തരം തസ്തികകൾകൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇതിനു പുറമെയാണ് കേരള സബ് ഓർഡിനേറ്റ് സർവീസ് റൂൾ പ്രകാരം 33% ഗസറ്റഡ് തസ്തികകളും വകുപ്പിലെ ജീവനക്കാർക്ക് നഷ്ടപ്പെടാൻ പോകുന്നത്.
സഹകരണ പ്രസ്ഥാനം അടിക്കടി വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സംഘങ്ങളുടെ സാന്പത്തിക ഇടപാടുകളുടെ സുതാര്യതയും ഭരണപരമായ കാര്യങ്ങളും ഉറപ്പാക്കേണ്ട വകുപ്പ് ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്നത് സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കും എന്നുളളതിൽ ഒരു സംശയവും വേണ്ട. സർക്കാർ അടിയന്തരമായി ഈ കാര്യത്തിൽ ഇടപെട്ട് നഷ്ടപ്പെടാൻ സാധ്യതയുള്ള തസ്തികകൾ പുനഃക്രമീകരിച്ച് വകുപ്പ് പുനഃസംഘടനയും ഓഡിറ്റ് കേഡറൈസേഷനും നടപ്പിലാക്കി ജീവനക്കാരുടെ ആശങ്ക മാറ്റുന്നതിനുളള നടപടി സ്വീകരിക്കുന്നത് വകുപ്പിന്റെ കെട്ടുറപ്പിനു വളരെ ഗുണകരമായിരിക്കും.
ബേബി തോമസ് എൽദോ മുൻ സംസ്ഥാന പ്രസിഡന്റ്,കേരളാ കോഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ.