കുടുംബ ഭദ്രത തകർക്കുന്ന നികുതി നിർദേശം
Wednesday, February 12, 2020 11:32 PM IST
കേന്ദ്രസർക്കാരിന്റെ പുതിയ ആദായനികുതിനയം നിലവിലുള്ള നികുതിയിളവുകൾ ഒഴിവാക്കി നിരക്ക് അല്പം കുറഞ്ഞ മറ്റൊരു രീതിയിലേക്കു മാറാൻ നികുതിദായകരെ പ്രേരിപ്പിക്കുകയാണ്. ഫലത്തിൽ സർക്കാരിനു കൂടുതൽ വരുമാനമുണ്ടാക്കുന്നതാണ്, പുതിയ രീതി.
എന്നാൽ, കാലങ്ങളായി നിലവിലിരിക്കുന്ന നികുതിയിളവുകൾ നിരീക്ഷിച്ചാൽ, ഇളവുകളെല്ലാം കുടുംബങ്ങളുടെ ഭദ്രത ഉറപ്പാക്കാൻ സഹായിക്കുന്നതായിരുന്നെന്നു കാണാം. ഭാരതീയ സമൂഹം കുടുംബങ്ങൾക്ക് എത്രമാത്രം പ്രധാന്യം കല്പിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്, നിലവിലുള്ള ഇളവുകൾ. ഇളവു കിട്ടുന്ന ഇനങ്ങളിൽ ഏറ്റവും പ്രധാനം ലൈഫ് ഇൻഷ്വറൻസ് ആണ്. ലൈഫ് ഇൻഷ്വറൻസുമായി ബന്ധപ്പെടുത്തിയ ഓഹരി നിക്ഷേപങ്ങൾക്കും ഇളവുണ്ട്. നികുതിദായകന്റെ അകാല മരണത്തിൽ കുടുംബത്തിനുണ്ടാകാവുന്ന സാന്പത്തിക പ്രതിസന്ധിയെ നേരിടുവാനുള്ള ഫലപ്രദമായ മുൻകരുതലാണിത്.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ, ഗൃഹനിർമാണ വായ്പകൾ, വൃദ്ധരുടെ ചികിത്സാചെലവുകൾ, മെഡിക്കൽ ഇൻഷ്വറൻസുകൾ, നിശ്ചിതകാലത്തേക്കു പിൻവലിക്കാൻ ആവാത്ത സ്ഥിരനിക്ഷേപങ്ങൾ എന്നിവയ്ക്കും വരുമാനത്തിൽ നിന്നുള്ള ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം കുടുംബത്തിന്റെ സാന്പത്തികഭദ്രത ഉറപ്പുവരുത്തുന്നതാണ്.
മുതലാളിത്ത വ്യവസ്ഥിതി ആളുകളുടെ ജീവിതശൈലിയിലും ചിന്താഗതികളിലും വരുത്തിയ മാറ്റങ്ങൾ പലതും പരോക്ഷമായി കുടുംബം എന്ന പവിത്ര സങ്കല്പത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് അനുഭവങ്ങൾ വ്യക്തമാക്കുന്നു. ഇപ്പോൾ മുതലാളിത്ത ഭരണകൂടം കുടുംബഭദ്രത തകർക്കാൻ നേരിട്ട് രംഗത്തു വന്നിരിക്കുന്നു! നിലവിലിരുന്ന ഇളവുകൾ നിലനില്ക്കേണ്ടത് നികുതിദായകരുടെ ആവശ്യമല്ല, സമൂഹത്തിന്റെ ആവശ്യമാണ്.
ഡോ. ജോസ് പാറക്കടവിൽ, തെള്ളിയൂർ