മക്കൾക്കു ഫോണ്‍ വാങ്ങാൻ മാതാപിതാക്കൾ ഓടുന്നു
Friday, May 29, 2020 1:23 AM IST
സ്കൂൾ തുറക്കുന്പോൾ പുസ്തകവും ബുക്കും ഒക്കെയായിരുന്നു രക്ഷിതാക്കൾ മക്കൾക്കു വാങ്ങി നൽകിയിരുന്നത്. എന്നാൽ, കോവിഡ് എന്ന വൈറസ് എല്ലാം തകിടംമറിച്ചു. പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളും കോളജുകളും ഓൺലൈൻ ക്ലാസുകളിലേക്കു നീങ്ങുകയാണ്. മക്കൾക്കു സ്മാർട്ട് ഫോണും കംപ്യൂട്ടറും വാങ്ങി നൽകാൻ മാതാപിതാക്കൾ പരക്കംപായുന്നു.
പഠനത്തിന്റെ പേരിൽ വാങ്ങുന്ന ഫോണും കംപ്യൂട്ടറുമൊക്കെ ദുരുപയോഗിക്കുമോ എന്ന ആശങ്ക ഏവർക്കുമുണ്ട്.
ജനത്തെ കോവിഡ് സാന്പത്തിക ബുദ്ധിമുട്ടിലാക്കി. സാധാരണക്കാരുടെ ജീവിതം വഴിമുട്ടി നിൽക്കുന്നു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന പാവപ്പെട്ട കുടുംബങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾ നമ്മുടെ നാട്ടിലുണ്ട്. ഓണ്‍ലൈൻ ക്ലാസിനായി സ്മാർട്ട്ഫോണും കംപ്യൂട്ടറും വാങ്ങി നൽകാൻ പല മാതാപിതാക്കൾക്കും സാന്പത്തികശേഷിയില്ല. മിക്ക മാതാപിതാക്കൾക്കും ഫോണിന്റെയും കംപ്യൂട്ടറിന്റെയും ഉപയോഗത്തെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനം ഉണ്ടാവില്ല. മക്കളെ വീട്ടിൽ തനിച്ചാക്കി ഓണ്‍ലൈനിലൂടെ പഠിച്ചോയെന്നു പറഞ്ഞു വീടുവിട്ടു ജോലിക്കു പോകാൻ രക്ഷിതാക്കൾക്കു മടി തോന്നും. മക്കളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല, സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ്.
വൈറസ് വ്യാപനം എത്ര പ്രതികൂലമാണെങ്കിലും സ്കൂളുകളിൽ നിന്നു യഥാസമയം വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യണം. കൂടാതെ നോട്ടുകൾ പ്രിന്റ് ചെയ്ത് കുട്ടികളിൽ എത്തിക്കണം. സർക്കാരും വിദ്യാഭ്യാസ വിദഗ്ധരും സ്കൂൾ മാനേജ്മെന്റുകളും അധ്യാപകരും ഇക്കാര്യത്തിൽ കരുതലോടെ പ്രവർത്തിക്കണം.
റെജി കാരി വേലിൽ, ചിറ്റടി