ഇതു തീവെട്ടിക്കൊള്ള തന്നെ
Wednesday, June 24, 2020 10:52 PM IST
അമിതമായ വൈദ്യുതി ബില്ലിനെതിരെ കേരളം മുഴുവൻ പ്രതിഷേധിക്കുന്ന സമയമാണല്ലോ. വൈദ്യുതി ബില്ലിൽ വൈദ്യുതചാർജിനു പുറമേ ഓമനപ്പേരിൽ പലതരത്തിലും തുക ഈടാക്കുന്നുണ്ട്. ഇതൊക്കെ ഹിഡൻ ചാർജാണ്. ചില ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.
1. ഡ്യൂട്ടി: അത്യാവശ്യ വസ്തുവായ വൈദ്യുതിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപ്പോൾ പിന്നെ എന്തിനാണ് അതിന് ഡ്യൂട്ടി ഈടാക്കുന്നത്?
2. ഫിക്സഡ് ചാർജ് : ഉപയോഗിക്കുന്ന വൈദ്യുതിയുടെ വില കൂടാതെ എന്തിനാണ് ഇങ്ങനെയൊരു ചാർജ്?
3. മീറ്റർ വാടക: വീടുകളിൽ വൈദ്യുതി എത്തിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് ട്രാൻസ്ഫോർമർ, ലൈൻ കന്പി, പോസ്റ്റ്, മീറ്റർ എന്നിവ. അപ്പോൾ മീറ്ററിനു മാത്രം എന്തിനാണ് വാടക ഈടാക്കുന്നത്? ഇങ്ങനെ പോയാൽ പോസ്റ്റിനും കന്പിക്കും വാടക കൊടുക്കേണ്ടിവരും.
3. എനർജി സർചാർജ്: വൈദ്യുതിയുടെ വില വാങ്ങുന്പോൾ എന്തിനാണ് സർചാർജ് ഈടാക്കുന്നത്.
4. കോഷൻ ഡിപ്പോസിറ്റ്: ആദ്യമായി വൈദ്യുതി കണക്ഷൻ കിട്ടുന്പോൾ കോഷൻ ഡിപ്പോസിറ്റ് വാങ്ങുന്നതിനു പുറമേ രണ്ടു വർഷം കൂടുന്പോൾ ഈ തുക വർധിപ്പിക്കുന്നുണ്ട്.
കേരള ഗവൺമെന്റിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണല്ലോ വാട്ടർ അഥോറിറ്റി. അവരാണു കുടിവെള്ളം വിതരണംചെയ്യുന്നത്. എന്നാൽ, ജലവിതരണത്തിന്റെ പേരിൽ മേൽപ്പറഞ്ഞ അഞ്ച് ഇനത്തിലും ഒരു രൂപപോലും അവർ ഈടാക്കുന്നില്ല. ഉപയോഗിക്കുന്ന വെള്ളത്തിന്റെ വില മാത്രമേ അവർ ഈടാക്കുന്നുള്ളു. ഹിഡൻ ചാർജുകൾ ഒന്നും ഈടാക്കുന്നില്ല. വൈദ്യുതി ബോർഡിനും ഈ രീതി അവലംബിച്ചുകൂടേ? സാധാരണക്കാർക്കുവേണ്ടി നിലകൊള്ളുന്നു എന്ന വീന്പടിക്കുന്ന ഇടതുസർക്കാർ ഈ പിടിച്ചുപറിക്കു കൂട്ടു നിൽക്കുന്നത് അപഹാസ്യമാണ്.
തോമസ് മാത്യു കളത്തിൽ, കറുകച്ചാൽ