കോവിഡ് പ്രതിരോധം മറന്നുള്ള പ്രതിഷേധം വേണ്ട
Saturday, July 11, 2020 11:08 PM IST
ഭരണകക്ഷിയും പ്രതിപക്ഷ കക്ഷികളും ഭരണത്തിന്റെ പ്രധാന ഘടകങ്ങളാണ്. ഇരുകൂട്ട ർക്കും ജനങ്ങളോട് തന്നെയാണ് ഉത്തരവാദിത്വം. ഭരണകക്ഷിയുടെ തെറ്റായ നയ ങ്ങളെയും, പരിപാടികളെയും എതിർത്തും തിരുത്തിയും പരാജയപ്പെടുത്തിയും അധികാരം കരസ്ഥമാക്കുക എന്നതും പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളാണ്.
പക്ഷേ, ഇന്ന് കേരളത്തിൽ കോവിഡ് 19 അതിവേഗം വ്യാപിക്കുകയാണ്. അതിൽ നല്ലൊരു പങ്കും സമ്പർക്കത്തിലൂടെയാണ് എന്നത് ആശങ്ക പരത്തുന്നു. ഇപ്പോൾ കേരളത്തിൽ ഉയർന്നു വന്നിരിക്കുന്ന സ്വർണക്കടത്ത് വിവാദത്തിന്റെ പേരിൽ കേരളം മുഴുവൻ പ്രതിഷേധം അഴിച്ചുവിട്ടിരിക്കുകയാണ് യുഡിഎഫും ബിജെപിയും. യാതൊരുവിധത്തിലുമുള്ള കോവിഡ് 19 പ്രോട്ടോക്കോൾ പാലിക്കാതെയാണ് ഈ സമരങ്ങൾ നടക്കുന്നത്. ഇത് വലിയ തോതിൽ ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നു. സ്വർണക്കടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. അതു പോരെങ്കിൽ അതിനു നിയമപരമായ വഴികളും സോഷ്യൽ മീഡിയകളും പത്രങ്ങളും ഉപയോഗിക്കാം. അതിനു പകരം ഇപ്പോൾ തന്നെ കഷ്ടത്തിലായ പോലീസുകാരെയും ജില്ലാ ഭരണകൂടത്തെയും ഉപദ്രവിക്കരുത്. അല്ലെങ്കിൽ ഇത് നിങ്ങൾക്കുതന്നെ വിനയായി തീരും. ദയവായി ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക ഇപ്പോൾ. കൂടാതെ ഇപ്പോൾ ഇറങ്ങി നടക്കുന്ന 65 വയസ്കഴിഞ്ഞ നേതാക്കന്മാരും അകത്തിരിക്കുക, ഇനിയും നിങ്ങൾക്ക് അധികാരസ്ഥാനങ്ങളിൽ എത്തണമെന്നുണ്ടെങ്കിൽ.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ