തല മറന്ന് എണ്ണ തേയ്ക്കരുതേ
Monday, July 27, 2020 11:18 PM IST
കോവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാം നമുക്കു തന്നെ വെല്ലുവിളിയാകരുത്. കഴിഞ്ഞ ദിവസം കോട്ടയത്ത് കോവിഡ് പോസിറ്റീവ് ആയി മരിച്ചയാളുടെ സംസ്കാരവുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ അവിടത്തെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രതിഷേധവുമായി മൃതസംസ്കാരം തടയാൻ ശ്രമിക്കുകയും ആരോഗ്യപ്രവര്‍ത്തരുടെയും പോലീസിന്റെയും നേരെ തട്ടിക്കയറുകയും ചെയ്തു. ഇത്തരം പ്രതിഷേധങ്ങളിലൂടെ നമ്മള് നമുക്ക് തന്നെ പാര പണിയുകയല്ലേ. ഈ പ്രതിഷേധിച്ച ആരുടെയെങ്കിലും വീട്ടുകാര്‍ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍ ഇവര്‍ ഇതിന് മുതിരുമായിരുന്നോ?
കോവിഡ് തൊട്ടടുത്ത്, എപ്പോള്‍ ആര്‍ക്ക് എന്ന ചോദ്യമേ ഉള്ളൂ. ജാഗ്രത കൈവിടാതെ ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കുകയാണ് വേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതസംസ്കാരം നടത്തുമ്പോള്‍ മൃതദേഹത്തില്‍ നിന്നും രോഗം പകരുകയില്ല എന്ന് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തണം. പ്രത്യേകിച്ച് കത്തിച്ചു കളയുന്ന മൃതദേഹത്തില്‍ നിന്ന് ഒന്നും സംഭവിക്കുകയില്ല.
അവിടത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നു വേണം മനസിലാക്കാന്‍. മൃതദേഹം കത്തുമ്പോള്‍ ഉയരുന്ന പുകയില്‍ നിന്നു കോവിഡ് പകരുമെന്നു തെറ്റിദ്ധരിപ്പിച്ചു. ജനപ്രതിനിധികളെ വേണം ആദ്യം ബോധവത്കരിക്കാന്‍.
സിബിച്ചന് സ്രാങ്കന്‍, നാലുകോടി