ഓൺലൈൻ റമ്മി, ടിക്ടോക്, പബ്ജി
Tuesday, August 4, 2020 11:06 PM IST
തമാശകളും അതോടൊപ്പം ഉപയോഗപ്രദമായ കാര്യങ്ങളും ടിക്ടോക്കു വഴി അനേകർ കണ്ടിരിക്കുന്നു. കൂടെ അശ്ലീലവും എത്തിയിട്ടുണ്ട്. പക്ഷെ, അതിലെ സാഹസികവും അപകടകരവുമായ ചില ഇനങ്ങൾ അനുകരിക്കാൻ ശ്രമിച്ചു ഗുരുതരപരിക്കും മരണവും വരെയുണ്ടായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ബൈറ്റ് ഡാൻസ് എന്ന ചൈനീസ് കമ്പനിയിൽനിന്ന് മൈക്രോസോഫ്റ്റ്, ടിക്ടോക് ഏറ്റെടുത്താൽതന്നെയും ഈ രാജ്യത്ത് ഈ "കളി' അനുവദിക്കണമോ എന്ന കാര്യം ചിന്തിക്കേണ്ടതാണ്.
തോക്കും വെടിയും പടയുമായി "പബ്ജി' ചെറുമനസുകളിൽ ഹിംസയുടെയും അക്രമത്തിന്റെയും സ്വാധീനമുണ്ടാക്കും. സമൂഹത്തിലും വീടുകളിലും ഈ മാനസികാവസ്ഥയുടെ പ്രതിഫലനമുണ്ടാകാം. സമീപകാലത്തായി അനേകർ അകപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരിനമാണ് ഓൺലൈൻ റമ്മി. കളിയിൽ തോറ്റുള്ള വൻപണനഷ്ടത്താൽ ആത്മഹത്യ ചെയ്തവരുമുണ്ട്. റമ്മി കളിയിലുണ്ടായ ലക്ഷങ്ങളുടെ നഷ്ടം നികത്താൻ കൂടിയാണ് തിരുവനന്തപുരം ട്രഷറിയിൽനിന്നും വൻതുക അടിച്ചുമാറ്റിയത് എന്നാണല്ലോ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ പറഞ്ഞത്. കൂടുതൽ അനിഷ്ടസംഭവങ്ങൾക്കു കാത്തിരിക്കണമോ? ഇതൊക്കെ തുടരാൻ അനുവദിക്കണമോ?
സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി